വിവാഹിതനാണെന്ന് മറച്ചുവെച്ച് പതിനാറുകാരിയുമായി പ്രണയം ..!ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ പെൺകുട്ടിയെ മർദ്ദിച്ചു..! യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച പതിനാറുകാരിയെ മര്‍ദ്ദിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട ആറന്മുള സ്വദേശി വിഷ്ണു സുധീഷിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകല്‍, മര്‍ദ്ദനം, പോക്സോ എന്നി വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹിതനാണ് എന്നുള്ള വിവരം മറച്ചുവെച്ചുകൊണ്ടാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവര്‍ തമ്മില്‍ സ്‌കൂള്‍ പരിസരത്ത് വച്ച് കാണുന്നത് പതിവായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ ബൈക്കിന്റെ പിന്നില്‍ കയറ്റി ഇയാള്‍ വെണ്ണിക്കുളത്തേക്ക് കൊണ്ടുപോയിരുന്നു. ഈ യാത്രയ്ക്കിടെ ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നു പിടിച്ചു എന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.
ഈ വിഷയം കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറി. ഇയാളുടെ ഫോണ്‍കോളുകളും അവഗണിച്ചു. ചൊവ്വാഴ്ച പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന വഴിയില്‍ കാത്ത് നിന്ന പ്രതി പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയും അമ്മയും ചേര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ബുധനാഴ്ച വൈകീട്ട് ഭാര്യവീടിന്റെ സമീപത്ത് നിന്നാണ് പ്രതി വിഷ്ണു സുധീഷിനെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ കൊണ്ടുപോകാനായി ഇയാള്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.