കടത്തില്‍ മുങ്ങി കുടുംബം;  വീട്ടുകാരറിയാതെ ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കാണാനെത്തി പ്ലസ് വണ്‍ വിദ്യാര്‍ഥി; ഒടുവില്‍ സംഭവിച്ചത്

കടത്തില്‍ മുങ്ങി കുടുംബം; വീട്ടുകാരറിയാതെ ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കാണാനെത്തി പ്ലസ് വണ്‍ വിദ്യാര്‍ഥി; ഒടുവില്‍ സംഭവിച്ചത്

സ്വന്തം ലേഖിക

തിരുവനന്തപുരം: വീട്ടുകാരറിയാതെ കോഴിക്കോട് നിന്നും മുഖ്യമന്ത്രിയെ കാണാനെത്തി അച്ഛന്‍റെ കടബാധ്യത പറഞ്ഞ പ്ലസ് വണ്‍ വിദ്യാർത്ഥി.

കുറ്റ്യാടി വേളം സ്വദേശിയായ ദേവാനന്ദനാണ് ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയത്. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് അച്ഛനെ വിളിച്ച്‌ വരുത്തിയ മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെടാമെന്ന് ഉറപ്പ് നല്‍കി ദേവനന്ദനെ മടക്കി അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി ഒന്‍പതരയോടെ ക്ലിഫ് ഹൗസിന് മുന്നില്‍ ഓട്ടോയില്‍ വന്നിറങ്ങിയ കുട്ടി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കഥ തുടങ്ങുന്നത്. ഒന്നു ഞെട്ടിയ സുരക്ഷ ഉദ്യോഗസ്ഥര്‍ വിവരം മ്യസിയം പൊലിസിനെ അറിയിച്ചു. മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാര്‍ കുട്ടിയെ കൊണ്ടുപോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അതോടെയാണ് ആവള ഹയര്‍ സെക്കന്‍ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ദേവാനന്ദന്‍ നടത്തിയത് ഒരു സാഹസികയാത്രയാണെന്ന് പൊലീസിന് മനസിലായത്.

ദേവനന്ദൻ്റെ അച്ഛന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്തിരുന്നു. വായ്പ മുടങ്ങിയതോടെ ഭീഷണിയും ശല്യവുമായി. വീട്ടുകാരുടെ കണ്ണീര്‍‍ കണ്ട് മനസുനീറിയ വിദ്യാര്‍ത്ഥി ആരുമറിയാതെ ട്രെയിന്‍ കയറി തമ്പാനൂരിലെത്തുകയായിരുന്നു.

മുഖ്യമന്ത്രിയെ കണ്ട് സങ്കടം പറയുകയായിരുന്ന ലക്ഷ്യം. യാത്ര ചെന്ന് അവസാനിച്ചത് ക്ലിഫ് ഹൌസിലും. കോഴിക്കോട്ട് നിന്നും ഒരു വിദ്യാര്‍ത്ഥി സാഹസികമായി എത്തിയ കാര്യം പൊലീസുകാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കും രാത്രി തന്നെ വിവരം കൈമാറി.

ദേവാനന്ദൻ്റെ അച്ഛന്‍ രാജീവ് രാവിലെ തിരുവനന്തപുരത്ത് എത്തി. രണ്ടുപേര്‍ക്കും ഭക്ഷണവും സൗകര്യങ്ങളും പൊലീസ് ഒരുക്കി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മുഖ്യമന്ത്രി കുട്ടിയെയും അച്ഛനെയും സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് വിളിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഒടുവില്‍ കടം തീര്‍ക്കാന്‍ ഇടപെടാമെന്ന് ദേവാനന്ദന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

ഇനി വീട്ടുകാര്‍ അറിയാതെ വീട് വിട്ടു പോകരുതെന്ന് ഉപദേശവും. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷയോടെയാണ് ദേവാനന്ദന്‍ സെക്രട്ടേറിയറ്റില്‍ നിന്നും മടങ്ങിയത്. ദേവാനന്ദനേയും അച്ഛനേയും പൊലീസ് റെയില്‍വേ സ്റ്റേഷനിലെത്തിച്ചു.