ബന്ധുവായ സ്ത്രീയെ ഉപയോഗിച്ച് പണം തട്ടിപ്പ് ; മുക്കുപണ്ടം പണയം വച്ച് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്തു ; കേസിൽ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൂത്തുപറമ്പ് : കൂത്തുപറമ്പിലെ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനത്തില്‍ പല തവണയായി മുക്കുപണ്ടം പണയം വച്ച് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പേരാവൂർ കൊളവംചാല്‍ സ്വദേശി എ.അഷറഫിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ബന്ധുവായ സ്ത്രീയെ ഉപയോഗിച്ചാണ് അഷറഫ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ സ്ത്രീയാണ് കൂത്തുപറമ്പ് നഗരത്തിലെ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ചിരുന്നത്. സ്ത്രീയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം സ്വർണ്ണാഭരണം പണയം വെക്കുകയും അത് തിരിച്ചെടുക്കുകയും ചെയ്ത് വിശ്വാസ്യത പിടിച്ച് പറ്റിയ ശേഷമായിരുന്നു തട്ടിപ്പ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ഒരു മാല പണയംവെക്കാനെത്തിയപ്പോള്‍ സ്ഥാപനത്തിലുള്ളവർക്ക് സംശയം തോന്നുകയും പണയം സ്വീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ മുമ്പ് പണയം വച്ചത് മുക്കുപണ്ടങ്ങളാണെന്ന് മനസ്സിലായതെന്നും പോലീസ് വ്യക്തമാക്കി.
തുടർന്ന് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഷറഫാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായത്. എസ്.ഐ. അഖിലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്ത്രീക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുക്കുപണ്ടമാണ് പണയം വെച്ചതെന്നത് സംബന്ധിച്ച് സ്ത്രീക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യം പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. അഷറഫിനെതിരെ പേരാവൂർ പോലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ട്.