പി.ജെ ജോസഫിന്റെ ഔദാര്യം വേണ്ട: രണ്ടിലയിൽ മത്സരിക്കണമെന്ന വാശിയില്ല; പി.ജെ ജോസഫിനെതിരെ പൊട്ടിത്തെറിച്ച് പാലായിലെ സ്ഥാനാർത്ഥി

പി.ജെ ജോസഫിന്റെ ഔദാര്യം വേണ്ട: രണ്ടിലയിൽ മത്സരിക്കണമെന്ന വാശിയില്ല; പി.ജെ ജോസഫിനെതിരെ പൊട്ടിത്തെറിച്ച് പാലായിലെ സ്ഥാനാർത്ഥി

സ്വന്തം ലേഖകൻ
കോട്ടയം: പി.ജെ ജോസഫിന്റെ ഔദാര്യം വേണ്ടെന്നും, രണ്ടിലയിൽ മത്സരിക്കണമെന്ന് വാശിയില്ലെന്നും പ്രഖ്യാപിച്ച് പാലായിലെ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തെ വെല്ലുവിളിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ പ്രഖ്യാപനം. പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർ്ത്ഥിയായി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കുള്ളിലാണ് ജോസ് കെ.മാണി വിഭാഗത്തിൽപ്പെട്ട ജോസ് ടോം പൊട്ടിത്തെറിച്ചിരിക്കുന്നത്. തനിക്ക് രണ്ടില ചിഹ്നം അനുവദിച്ചില്ലെങ്കിലും പ്രശ്‌നമില്ലെന്ന നിലപാട് എടുത്ത ജോസ് ടോം തന്റെ ചെയർമാൻ ജോസ് കെ.മാണിയാണെന്ന് പ്ര്ഖ്യാപിച്ച് ജോസഫ് വിഭാഗത്തെ വീണ്ടും വെല്ലുവിളിക്കുകയാണ്. കെ.എം മാണിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലാത്ത ആളാണ് താൻ. പക്ഷേ, കേരള കോൺഗ്രസിൽ തനിക്ക് ഒറ്റ നേതാവ് മാത്രമേ ഉള്ളൂ. അത് കെ.എം മാണിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ജോസ് ടോമിന്റെ പ്രഖ്യാപനത്തിനെതിരെ പി.ജെ ജോസഫ് ഉടൻ തന്നെ രംഗത്ത് എത്തി. ചിഹ്നം വേണ്ടെങ്കിൽ വേണ്ടെന്നായിരുന്നു പി.ജെ ജോസഫിന്റെ നിലപാട്. രണ്ടു മാസം മുൻപ് ജോസഫ് വിഭാഗം പുറത്താക്കിയ 27 നേതാക്കളിൽ ഒരാളാണ് ജോസ് ടോം. ഇത് തന്നെയാണ് ജോസഫ് വിഭാഗത്തിന്റെ എതിർപ്പിന്റെ പ്രധാന കാരണമായിരുന്നതും.
യുഡിഎഫ് സ്ഥാനാർത്ഥിയെ രമേശ് ചെന്നിത്തല പ്രഖ്യാപിക്കുമ്പോൾ വിജയിയുടെ ഭാവമായിരുന്നു പി.ജെ ജോസഫിന്. എന്നാൽ, ജോസ് കെ.മാണിയും, റോഷി അഗസ്റ്റിനും കടുത്ത നിരാശയിലായിരുന്നു.
എന്നാൽ, എല്ലാവരെയും അമ്പിപ്പിച്ചുകൊണ്ട് അഡ്വ. ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ രാഷ്ട്രീയ നയതന്ത്രത്തിൽ അഗ്രഗണ്യനാണ് താനെന്ന് ജോസ് കെ.മാണി തെളിയിച്ചതായി കേരള കോൺഗ്രസ് എം പ്രസ്താവനയിൽ അവകാശപ്പെട്ടു. മാണി ശൈലിയെ ഓർമ്മിപ്പിക്കുന്ന അപ്രതീക്ഷിത തീരുമാനം എടുത്തുകൊണ്ട് വിമർശകരുടെ മുഴുവൻ വാ അടപ്പിക്കാൻ ജോസ് കെ.മാണിക്ക് കഴിഞ്ഞു. കെ.എം മാണിയുടെ എക്കാലത്തെയും വിശ്വസ്തനായ ജോസ് ടോമിനെ സ്ഥാനാർത്ഥി ആക്കിയതിലൂടെ കേരളാ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ കൃത്യമായ സന്ദേശമാണ് ജോസ് കെ.മാണി നൽകിയത്. ജോസ് കെ.മാണി എടുത്ത തീരുമാനം കേരളാ കോൺഗ്രസ്സിനും യു.ഡി.എഫിനും ഒരുപോലെ ശോഭപകരുന്നതാണ് എന്നതാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ജോസ് ടോമിന്റെ സ്ഥാനാർത്ഥിത്തത്തോട് പി.ജെ ജോസഫ് ഉയർത്തിയ വിയോജിപ്പുകളെ യു.ഡി.എഫ് നേതൃത്വം തള്ളിയതോടെ ജോസ് കെ.മാണിക്ക് ഒരിക്കൽക്കൂടി രാഷ്ട്രീയ നീക്കങ്ങളിൽ മേൽക്കൈ നേടാനായി. സ്ഥാനാർത്ഥി നിർണ്ണയം യു.ഡി.എഫ് നേതൃത്വത്തിന് അനായാസമാക്കാനും ജോസ് കെ.മാണിയുടെ നീക്കങ്ങൾ സഹായിച്ചു. അനാവശ്യ വിവാദങ്ങളും വിമർശനങ്ങളും ഉയർത്തിയ പി.ജെ ജോസഫിന് കനത്ത പ്രഹരമാണ് ജോസ് കെ.മാണിയുടെ സമൃദ്ധമായ നീക്കമെന്നും കേരള കോൺഗ്രസ് അവകാശപ്പെട്ടു.