പിറവം പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം ആരാധന തുടങ്ങി: കുർബാനയുമായി ഓർത്തഡോക്‌സ് വിശ്വാസികൾ; പള്ളി ആരാധനയ്ക്കായി ആർ.ഡി.ഒ തുറന്നു നൽകി; കുരിശിൻതൊട്ടിയിൽ പ്രാർത്ഥനയുമായി യാക്കോബായ വിഭാഗം ആരാധന നടത്തുന്നു

പിറവം പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം ആരാധന തുടങ്ങി: കുർബാനയുമായി ഓർത്തഡോക്‌സ് വിശ്വാസികൾ; പള്ളി ആരാധനയ്ക്കായി ആർ.ഡി.ഒ തുറന്നു നൽകി; കുരിശിൻതൊട്ടിയിൽ പ്രാർത്ഥനയുമായി യാക്കോബായ വിഭാഗം ആരാധന നടത്തുന്നു

സ്വന്തം ലേഖകൻ

പിറവം: പിറവം രാജാധിരാജ സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രല്ലിൽ ഒടുവിൽ സുപ്രീം കോടതി വിധി നടപ്പാക്കി. സുപ്രീം കോടതിയും, ഹൈക്കോടതിയും ഇടപെട്ടതോടെ ഒടുവിൽ ജില്ലാ കളക്ടർ പിടിച്ചെടുത്ത പിറവം പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധനയ്ക്കായി തുറന്നു നൽകി. രാവിലെ എട്ടരയോടെ വൈദികരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം വിശ്വാസികൾ പള്ളിയ്ക്കുള്ളിൽ കയറി ആരാധന നടത്തി. പ്രതിഷേധവുമായി എത്തിയ യാക്കോബായ വിശ്വാസികൾ, പള്ളിയ്ക്കു പുറത്ത് കുരിശിൻ തൊട്ടിയിൽ പ്രതിഷേധവുമായി കുർബാന അർപ്പിച്ചു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഒഴിവാക്കുന്നതിനായി വൻ പൊലീസ് സന്നാഹം തന്നെ പള്ളിയ്ക്കു മുന്നിൽ ഒരുക്കിയിരുന്നു.

രാവിലെ ഏഴരയോടെയാണ് എറണാകുളം ജില്ലാ ജില്ലാ കളക്ടറുടെ പ്രതിനിധിയായി ആർ.ഡി.ഒ സ്ഥലത്ത് എത്തി. തുടർന്ന് ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധനയ്ക്കായി പള്ളി തുറന്ന് നൽകി. തുടർന്ന് വൈദികരും, വിശ്വാസികളും അടക്കം നൂറുകണക്കിന് ആളുകൾ പള്ളിയ്ക്കുള്ളിൽ പ്രവേശിച്ച് ആരാധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭാ തർക്കക്കേസിൽ സുപ്രീം കോടതി ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വിധിച്ചെങ്കിലും വിവിധ വിഷയങ്ങളെ തുടർന്ന് വിധി നടപ്പാക്കുന്നത് നീണ്ടു പോകുകയായിരുന്നു. തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിൽ ഇടപെട്ട ഹൈക്കോടതി ഓർത്തഡോക്‌സ് വിഭാഗത്തിന് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം അനുവദിക്കുകയായിരുന്നു. ഒക്ടോബർ ഒന്നിന് കേസ് പരിഗണിക്കുമ്പോൾ ഓർത്തഡോക്‌സ് വിശ്വാസികളെ പള്ളിയിൽ പ്രവേശിപ്പിക്കുന്നതിനായി എന്ത് നിലപാട് എടുത്തു എന്ന കാര്യത്തിൽ ഹൈക്കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കാൻ കർശന നടപടികളുമായി രംഗത്തിറങ്ങിയത്. നേരത്തെ നിരവധി തവണ ഓർത്തഡോക്‌സ് വിഭാഗം പൊലീസ് സംരക്ഷണത്തോടെ തന്നെ പള്ളിയിൽ പ്രവേശിക്കാൻ എത്തിയിരുന്നു. എന്നാൽ, യാക്കോബായ വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പള്ളിയ്ക്കുള്ളിലേയ്ക്ക് കയറാൻ പൊലീസിനും ഓർത്തഡോക്‌സ് വിഭാഗത്തിനും സാധിച്ചിരുന്നില്ല.

ഇതേ തുടർന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച വൻ പൊലീസ് സന്നാഹത്തോടെ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി യാക്കോബായ വിശ്വാസികളെ അറസറ്റ് ചെയ്ത് നീക്കുകയും, പള്ളിയുടെ പൂട്ട് പൊളിച്ച് പൊലീസ് അകത്ത് പ്രവേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്നാണ് ഞായറാഴ്ച രാവിലെ പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധന നടത്തുന്നതിനായി എത്തിയത്.

എന്നാൽ, ഞായറാഴ്ച ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധനയ്ക്കായി പള്ളി തുറന്ന് നൽകിയാൽ പ്രതിഷേധമുണ്ടാകുമെന്നും, തടയുമെന്നും യാക്കോബായ വിശ്വാസികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രശ്‌നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും, ജയിലിൽ അടയ്ക്കണമെന്നും ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായി ജയിലിൽ കിടക്കുന്നവരുടെ ഭക്ഷണത്തിന്റെ ചിലവ് അടക്കം ഇവരിൽ നിന്നു തന്നെ ഈടാക്കണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിറവം പള്ളിയിൽ സംഘർഷം ഒഴിവായത്.