പിങ്ക് പൊലീസ് വിവാദം; ‘കാക്കി, കാക്കിയെ സഹായിക്കുകയാണ്’; സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
സ്വന്തം ലേഖിക
കൊച്ചി: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരി പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ കാക്കി, കാക്കിയെ സഹായിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ കരുതുന്നത്? കുട്ടിയെ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്ത് അവകാശമാണുളളതെന്നും സംഭവം കുട്ടിയില്‍ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാര്‍ത്ഥ്യമാണെന്നും കോടതി നിരീക്ഷിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയെ പരിശോധിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനോട് വീഡിയോ കോണ്‍ഫറന്‍സിംഗില്‍ അടുത്ത തവണ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. കുട്ടിയുടെ മാനസികാവസ്ഥ സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ജനങ്ങള്‍ കൂടിയതുകൊണ്ടാണ് കുട്ടി കരഞ്ഞതെന്ന വാദം തെറ്റാണെന്നും പൊലീസ് ഉദ്യോഗസ്ഥയുടെ മോശം പെരുമാറ്റം കൊണ്ടുകൂടിയാണ് കുട്ടി കരഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി.
ബാലനീതി നിയമപ്രകാരം പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും സര്‍ക്കാര്‍ കേസ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് എന്താണെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന വിമര്‍ശനവുമുണ്ട്.
തനിക്ക് മൂന്ന് മക്കളുണ്ടെന്നും പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത കോടതിയെ അറിയിച്ചു. അതേസമയം ഉദ്യോഗസ്ഥയെ ബിഹേവിയറല്‍ ട്രെയിനിംഗിന് അയച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
പെണ്‍കുട്ടി എത്ര നിഷ്കളങ്കയാണെന്നും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ആൻ്റി എന്നാണ് വിളിച്ചതെന്നും കോടതി പറഞ്ഞു. നമ്മുടെ മക്കള്‍ക്ക് ഇങ്ങനെയൊരവസ്ഥ വന്നാല്‍ സഹിക്കുമോയെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നത് അലോചിക്കണമെന്നും കോടതി അറിയിച്ചു.