മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം;ലോകായുക്ത ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
സ്വന്തം ലേഖിക.
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പരാതി ലോകായുക്ത തള്ളിയതിനെതിരായ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
നടപടിക്രമങ്ങള്‍ പാലിക്കാതെ ദുരിതാശ്വാസ നിധി അനുവദിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി തിരുവനന്തപുരം സ്വദേശി ആര്‍.എസ്. ശശികുമാര്‍ സമര്‍പ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഫയലില്‍ സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എതിര്‍കക്ഷിയായ മുഖ്യമന്ത്രിക്ക് ചട്ടപ്രകാരം കത്തയക്കാൻ നിര്‍ദേശിച്ച കോടതി, മറ്റ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് ഉത്തരവായി. മുഖ്യമന്ത്രിക്ക് കത്താണ് അയക്കുന്നതെങ്കിലും നോട്ടീസായാണ് അത് പരിഗണിക്കുക. ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തി പരാതി തള്ളിയ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ പ്രത്യേകം ഉത്തരവുകളാണ് പുറപ്പെടുവിച്ചിരുന്നത്. മന്ത്രിസഭ തീരുമാനത്തെ ലോകായുക്തയില്‍ ചോദ്യംചെയ്യാൻ പോലും കഴിയില്ലെന്നായിരുന്നു ഉപലോകായുക്തയുടെ ഉത്തരവ്. മൂന്ന് ഉത്തരവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഹർജിയിലെ വാദം. ഹർജി വീണ്ടും മാര്‍ച്ച് 11ന് പരിഗണിക്കും.
2018 സെപ്റ്റംബറിലാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്. ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്ന പരേതനായ രാമചന്ദ്രൻ നായരുടെ മകന് അസി. എൻജിനീയര്‍ ജോലിക്ക് പുറമെ, വാഹന വായ്പ, സ്വര്‍ണപ്പണയ വായ്പ എന്നിവ തിരിച്ചടക്കാൻ 8.6 ലക്ഷം രൂപയും എൻ.സി.പി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ കുടുംബത്തിന് നിയമപ്രകാരമുള്ള അനുകൂല്യങ്ങള്‍ക്ക് പുറമെ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത് നിയമപരമല്ലെന്നായിരുന്നു ഹർജി.