എഐ ക്യാമറ ടെണ്ടര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിനെന്ന് ശോഭ സുരേന്ദ്രന്‍; മുഖ്യമന്ത്രിയ്ക്ക് മടിയില്‍ കനമെന്ന് വി ഡി സതീശന്‍; ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

എഐ ക്യാമറ ടെണ്ടര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിനെന്ന് ശോഭ സുരേന്ദ്രന്‍; മുഖ്യമന്ത്രിയ്ക്ക് മടിയില്‍ കനമെന്ന് വി ഡി സതീശന്‍; ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

സ്വന്തം ലേഖിക

തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍.

മുഖ്യമന്ത്രി പിണറായി വിജയന് താത്പര്യമുള്ളവരാണ് സുപ്രധാന കരാറുകള്‍ നേടുന്നത്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിനാണ് ക്യാമറ ടെണ്ടര്‍ നല്‍കിയതെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയ്ക്ക് ബോണ്‍വിറ്റ കൊടുക്കുന്ന പണിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചെയ്യുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. പ്രകാശ് ബാബുവിന്റെ പേര് പറയാതിരിക്കാന്‍ സതീശനും മറ്റ് പ്രതിപക്ഷ നേതാക്കളും ശ്രദ്ധിച്ചു.

കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായാണ് സതീശനെ ജനം കാണുന്നതെന്നും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പര സഹായ മുന്നണിയായിട്ടാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്യാമറ വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കാത്തതിനെ വി ഡി സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രിസാഡിയോ എന്ന കമ്പനിക്കാണ് ഊരാളുങ്കല്‍ അടക്കമുള്ള കമ്പനികള്‍ ഉപകരാര്‍ കൊടുക്കുന്നത്. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പര്‍ച്ചേസ് ഓര്‍ഡറും കമ്മീഷനുമെല്ലാം ഇതേ കമ്പനിക്കാണ് കിട്ടുന്നതെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേ പറ്റുകയുള്ളൂവെന്നും സതീശന്‍ ആവശ്യപ്പെട്ടു.

പിണറായിക്ക് മടിയില്‍ കനമുണ്ടെന്നും പ്രിസാഡിയോ കമ്പനിയുമായി എന്ത് ബന്ധമാണുള്ളതെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.