പിണറായി വിജയനു സെൻകുമാറിന്റെ മുന്നറിയിപ്പ്.

പിണറായി വിജയനു സെൻകുമാറിന്റെ മുന്നറിയിപ്പ്.

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അടുത്തുനിൽക്കുന്നവരെയെല്ലാം മിത്രങ്ങളായി കാണരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന് മുൻ ഡി.ജി.പി: ടി.പി. സെൻകുമാറിന്റെ മുന്നറിയിപ്പ്. ജനങ്ങളിൽനിന്നു മുഖ്യമന്ത്രിയെ അകറ്റി നർത്താനാണ് ചുറ്റുമുള്ള ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ തന്ത്രം മുഖ്യമന്ത്രി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ആംബുലൻസും ഫയർ എൻജിനും എന്തിനെന്നും സെൻകുമാർ ചോദിക്കുന്നു.
പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയുള്ള കൂടിയാലോചനയ്ക്കായി മുഖ്യമന്ത്രി വിളിച്ചുചേർത്ത വിരമിച്ച ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും യോഗത്തിൽ മൗനം പാലിച്ച സെൻകുമാർ പിന്നീട് മൂന്നു പേജുള്ള കുറിപ്പ് എഴുതി നൽകുകയായിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാകവചം അഴിച്ചുപണിയണമെന്നും അതിസുരക്ഷ ആപത്താണെന്നും അദ്ദേഹം അറിയിച്ചു. ഇപ്രകാരം സുരക്ഷ ഒരുക്കുന്ന പോലീസ് ഉന്നതരെ സൂക്ഷിക്കണം. മുഖ്യമന്ത്രിയെ സാധാരണക്കാരിൽനിന്ന് അകറ്റാനുള്ള തന്ത്രമാണിത്. പോലീസിന്റെ പ്രവർത്തനം സ്വതന്ത്രമാകണമെന്നും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമിടയിൽ ഉപദേശകനെപ്പോലെ മറ്റൊരു അധികാരകേന്ദ്രം പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഉപദേശകനായ രമൺ ശ്രീവാസ്തവ പോലീസിന്റെ പ്രവർത്തനങ്ങളിൽ ഇടപെട്ടതു സംസ്ഥാന പോലീസ് മേധാവിയായിരിക്കെ സെൻകുമാർ വിലക്കിയിരുന്നു. സ്റ്റേഷനുകളിൽ കേസ് ഡയറികൾ തിരുത്തുന്നുണ്ടെന്നും താൻ ഡി.ജി.പിയായിരുന്നപ്പോഴും അതു സംഭവിച്ചിരുന്നെന്നും കുറിപ്പിൽ സെൻകുമാർ ചൂണ്ടിക്കാട്ടി. പോലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിൽ (ടോപ് സീക്രട്ട്) പോലും ഡി.ജി.പിക്ക് ഇപ്പോൾ നിയന്ത്രണമില്ല. ഐ.പി.എസിലെ അഴിമതിക്കാരെ പ്രധാന പദവികളിൽനിന്ന് അകറ്റി നിർത്തണം. പോലീസ് സ്റ്റേഷനുകളിലെ പോലീസ് അസോസിയേഷൻ ഭരണം നിയന്ത്രിക്കണം. അസോസിയേഷൻ അധികാരപരിധികൾ ലംഘിക്കുന്നു. അസോസിയേഷൻ നേതാക്കൾ കേസന്വേഷണത്തിൽ ഇടപെടുന്നു. സി.ഐമാർക്ക് പോലീസ് സ്റ്റേഷൻ ചുമതല നൽകാനുള്ള തീരുമാനവുമായി മുന്നോട്ടുപോകണമെന്നും കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തി.