പ്രളയത്തിൽ തകർന്ന വീടുകൾ മഴക്കാലത്തു മുൻമ്പ് നിർമ്മിച്ചു നൽകും; മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രളയത്തിൽ തകർന്ന വീടുകൾ മഴക്കാലത്തു മുൻമ്പ് നിർമ്മിച്ചു നൽകും; മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രളയത്തിൽ പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ വെച്ചുകൊടുക്കുന്ന വീടുകൾ മഴക്കാലത്തിന് മുൻമ്പ് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇതോടൊപ്പം സ്വന്തമായി വീട് വെക്കുന്നവരുടെ നിർമാണ പുരോഗതി വിലയിരുത്താനും അദ്ദേഹം നിർദ്ദേശിച്ചു. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രളയം കൂടുതലായി ബാധിച്ച വയനാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് തുടർനടപടികൾ സ്വീകരിക്കാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിന് തീരുമാനമായത് . സർക്കാർ പ്രഖ്യാപിച്ച ‘ഉജ്ജീവന സഹായ പദ്ധതി’ സംബന്ധിച്ച് ബാങ്കുകൾ ഉന്നയിച്ച ആശങ്കകളിൽ വ്യക്തത വരുത്തി ഒരാഴ്ചക്കുള്ളിൽ ജില്ലാതലത്തിൽ പരമാവധി വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിയിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കാനുളള തീയതി മാർച്ച് 31 വരെ നീട്ടിയേക്കും . മുപ്പത് ശതമാനം മുതൽ 74 ശതമാനം വരെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായം ഒറ്റഗഡുവായി നൽകും. തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കേണ്ട 804 കോടി രൂപയുടെ കുടിശ്ശിക കേന്ദ്രത്തിൽനിന്ന് ലഭ്യമാക്കാൻ അടിയന്തിര തുടർനടപടി സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.