പേട്ടതുള്ളൽ നിർവഹിക്കാൻ അമ്പലപ്പുഴ – ആലങ്ങാട് സംഘങ്ങൾ 11 ന് എരുമേലിയിൽ;  മുസ്ലീം ജമാഅത്തുമായി സൗഹൃദ സംഗമവും നടത്തും

പേട്ടതുള്ളൽ നിർവഹിക്കാൻ അമ്പലപ്പുഴ – ആലങ്ങാട് സംഘങ്ങൾ 11 ന് എരുമേലിയിൽ; മുസ്ലീം ജമാഅത്തുമായി സൗഹൃദ സംഗമവും നടത്തും

 

സ്വന്തം ലേഖകൻ

എരുമേലി: പേട്ടതുള്ളൽ നിർവഹിക്കാൻ അമ്പലപ്പുഴ – ആലങ്ങാട് സംഘങ്ങൾ 11 ന് എരുമേലിയിൽ എത്തും. പത്തിന് മണിമലയിലെത്തുന്ന അമ്പലപ്പുഴ സംഘം മണിമലക്കാവ് ക്ഷേത്രത്തിൽ ആഴിപൂജ നടത്തിയ ശേഷം 11 ന് എരുമേലിയിൽ മുസ്ലീം ജമാഅത്തുമായി സൗഹൃദ സംഗമം നടത്തും. 11 ന് രാത്രിയിൽ ചന്ദനക്കുടഘോഷം പൂർത്തിയാക്കി  12 ഞായാറാഴ്ചയാണ് പേട്ടതുള്ളൽ.

അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുക. തുടർന്ന് പിതൃ സ്ഥാനീയരായ ആലങ്ങാട് സംഘം പേട്ടതുള്ളും. വിവിധ ക്ഷേത്രങ്ങളിൽ പൂജകൾക്ക് ശേഷം 11 ന് ആലങ്ങാട് സംഘം എരുമേലിയിലെത്തും. പേട്ടതുള്ളലിന് എഴുന്നള്ളിക്കുവാനുള്ള സ്വർണ്ണത്തിടമ്പ് രഥ ഘോഷയാത്രയായാണ് അമ്പലപ്പുഴ സംഘം എരുമേലിക്ക് യാത്ര തിരിച്ചിരിക്കുന്നത്. ആറര പതിറ്റാണ്ടായി സംഘത്തിന്റെ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരാണ്. തുടർച്ചയായി ഇരുപത്തിഒന്നാം തവണയാണ് സമൂഹ പെരിയോൻ സംഘത്തെ നയിക്കുന്നത്. 51 ദിവസത്തെ വ്രതമെടുത്ത് ,50 ദിവസത്തെ അന്നദാനവും വിവിധ ക്ഷേത്രങ്ങളിൽ ആഴീപൂജയും നടത്തിയ ശേഷമാണ് സംഘം യാത്രയായത്. സ്വാമിമാരും മാളികപ്പുറങ്ങളും അടക്കം 350 ൽ പരം ഭക്തരാണ് സംഘത്തിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേട്ടതുള്ളലിനു ശേഷം 14 ന് പമ്പയിൽസദ്യ നടത്തി മലകയറുന്ന സംഘത്തിന് ദർശനത്തിനും താമസത്തിനും ദേവസ്വം അധികാരികൾ പ്രത്യേക സൗകര്യം ചെയ്യും. തിരുവാഭരണം ചാർത്തിയ അയപ്പ വിഗ്രഹം ദർശിച്ച് കർപ്പൂരാഴി പൂജയും നടത്തി 10 നാൾ നീണ്ട തീർത്ഥാടനത്തിന് സമാപനം കുറിച്ച് 16 ന് ആണ് അമ്ബലപ്പുഴ സംഘം മടങ്ങുന്നത്. സംഘം പ്രസിഡന്റ് ആർ ഗോപകുമാർ, സെക്രട്ടറി എൻ. മാധവൻ കുട്ടി നായർ, ഖജാൻജി കെ. ചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ജി.ശ്രീകുമാർ, ജോ. സെക്രട്ടറി വിജയ് മോഹൻ സി, രഥയാത്രാ കമ്മറ്റി ചെയർമാൻ പി. വേണുഗോപാൽ, കൺവീനർ ആർ മധു എന്നിവരാണ് അമ്പലപ്പുഴ സംഘത്തിന് നേതൃത്വം നൽകുന്നത്.