പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട: ഓണത്തോട് അനുബന്ധിച്ചുള്ള പരിശോധനയിൽ മലയാളികൾ ഉൾപ്പെടെ 4 പേർ 14 കിലോ കഞ്ചാവുമായി പിടിയിൽ
കൊച്ചി: പെരുമ്പാവൂരിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. 14 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കാലടി സ്വദേശി ശ്യാംകുമാർ (37), കോടനാട് സ്വദേശി ലിജോ ജോർജ് കുര്യൻ (33), ഒഡീഷ കണ്ടമാൽ സ്വദേശികളായ പവിത്ര പരസേത്ത് (25), ബിജയ് നായക്ക് (27) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് സംഘവും പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ട പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
ഒഡീഷയിൽ നിന്ന് അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനത്തിലായിരുന്നു മലയാളികളായ രണ്ടു പേർ ഒമ്പത് കിലോഗ്രാം കഞ്ചാവ് കടത്തിയത്. ഓടക്കാലി ഭാഗത്തേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നത്. പെരുമ്പാവൂർ ഭാഗത്ത് വാഹനം തടഞ്ഞ് നിർത്തിയാണ് പരിശോധന നടത്തിയത്. പ്രത്യേകം കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.
ഒഡീഷ കണ്ടമാൽ സ്വദേശികളെ അഞ്ച് കിലോഗ്രാം കഞ്ചാവുമായി പഴങ്ങനാട് ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. സൗത്ത് കളമശ്ശേരിയിലുള്ള കമ്പനിയിൽ ജോലി ചെയ്തതിരുന്ന പ്രതികൾ നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ച വിൽപ്പന നടത്തിവരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച പുലർച്ചെ ട്രെയിൻ മാർഗം കളമശ്ശേരിയിൽ കഞ്ചാവുമായി എത്തിയ വിജയ് നായിക്ക്, പവിത്ര പർസെത് എന്നിവർ പഴങ്ങനാട് ഭാഗത്ത് വിൽപ്പനക്കായി എത്തുകയായിരുന്നു. ഒഡീഷയിൽ നിന്ന് 3,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ മുപ്പതിനായിരം രൂപയ്ക്കാണ് വിൽപ്പന നടത്തിവന്നിരുന്നത്.