അതിരമ്പുഴയിൽ പൊലീസിന് നേരെയുള്ള പെട്രോൾ ബോംബ് ആക്രമണം: ഗുണ്ടാ സംഘാംഗങ്ങളായ രണ്ടു പേർ പൊലീസിന്റെ പിടിയിൽ; പിടിയിലായവർ കഞ്ചാവ് ഗുണ്ടാ ആക്രണക്കേസുകളിൽ പ്രതികൾ

അതിരമ്പുഴയിൽ പൊലീസിന് നേരെയുള്ള പെട്രോൾ ബോംബ് ആക്രമണം: ഗുണ്ടാ സംഘാംഗങ്ങളായ രണ്ടു പേർ പൊലീസിന്റെ പിടിയിൽ; പിടിയിലായവർ കഞ്ചാവ് ഗുണ്ടാ ആക്രണക്കേസുകളിൽ പ്രതികൾ

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ഗുണ്ടാ അക്രമി സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി.   അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം ഓണംതുരുത്ത്കവല മേടയിൽ അലക്സ് പാസ്‌കൽ (19), ശ്രീകണ്ഠമംഗലം കുറ്റിയക്കവല കറുകച്ചേരിൽ അനന്ദകൃഷ്ണൻ (18) എന്നിവരെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഏഴു ദിവസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സാഹസികമായാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഗുണ്ടാ സംഘാംഗങ്ങൾ പിടിക്കാൻ ചെന്നാൽ പൊലീസിനെ ആക്രമിച്ച രക്ഷപെടുമെന്ന് മുന്നറിയിപ്പുകളുണ്ടായിരുന്നു. ഇതേ തുടർന്ന് പൊലീസ് സംഘം അതീവ ജാഗ്രതയിലാണ് മുന്നോട്ട് പോയിരുന്നത്.
ഗുണ്ടാ സംഘാംഗങ്ങൾ ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. ഏറ്റുമാനൂരിലെ ഒളി സങ്കേതത്തിൽ തന്നെയാണ് പ്രതികൾ കഴിഞ്ഞിരുന്നത്. ഏറ്റുമാനൂർ എസ്.ഐ അനൂപ് സിനായർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത് , സിബിച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. തുടർന്ന് രണ്ടു പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. രണ്ടു പ്രതികളെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
പൊലീസ് ജീപ്പിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ കോട്ടമുറി വലിയേടത്ത് ബെന്നിയുടെ മകൻ ഡെൽവിൻ ജോസഫിനെ (21) നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 21 നാണ് അതിരമ്പുഴ കോട്ടമുറി കോളനിയ്ക്ക് സമീപത്ത് വീടുകളിൽ ആക്രമണം നടത്താനെത്തിയ ഗുണ്ടാ സംഘം പൊലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞത്. രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമി സംഘത്തിൽ പത്തിലേറെ പേരുണ്ടെന്നായിരുന്നു പൊലീസ് നിഗമനം.
ആഗസ്റ്റ് 21 നായിരുന്നു സംഭവങ്ങളുടെ തുടക്കം. കോട്ടമുറി പ്രിയദർശിനി കോളനിയ്ക്ക് സമീപത്തെ റോഡിലൂടെ യുവാവ് അമിത വേഗത്തിൽ ബൈക്കോടിച്ചതിനെ പയസ് അടക്കമുള്ള പ്രദേശവാസികൾ ചോദ്യം ചെയ്തു. തുടർന്ന് ഗുണ്ടാ സംഘങ്ങൾക്കൊപ്പം കുരുമുളക് സ്‌പ്രേയും മാരകായുധങ്ങളുമായി എത്തിയ യുവാവ് പയസിന്റെ വീട് ആക്രമിച്ച് തകർക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യം തീരാതെ വന്നതോടെ അക്രമി സംഘം വീണ്ടും പെട്രോൾ ബോംബും, മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്താനുള്ള വീട്ടിലേയ്ക്കുള്ള ഇടവഴിയിലൂടെ വാഹനം മുന്നോട്ട് പോകുന്നതിനിടെ എതിർവശത്തു നിന്നും പൊലീസ് ജീപ്പ് എത്തി. പൊലീസ് ജീപ്പ് കണ്ട് പ്രതികൾ വാഹനം പിന്നോട്ട് എടുത്തതോടെ വാഹനങ്ങൾ കൂട്ടിയിടിക്കുകയും, സമീപത്തെ മതിലിൽ ഇടിക്കുകയും ചെയ്തു. ജീപ്പിൽ നിന്നും എ.എസ്.ഐ നാസർ, സിവിൽ പൊലീസ് ഓഫിസർ സാബു, ഹോം ഗാർഡ് ബെന്നി എന്നിവർ ജീപ്പിൽ നിന്നും പുറത്തിറങ്ങി. പൊലീസുകാരെ കണ്ടതോടെ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപെടാൻ ശ്രമിച്ചു. ഈ സമയം ഗുണ്ടാ സംഘത്തിൽ ഒരാൾ കയ്യിൽ കരുതിയിരുന്ന പെട്രോൾ ബോംബ് പൊലീസ് സംഘത്തിനു നേരെ എറിയുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് കോട്ടമുറി കോളനിയിൽ അടക്കം പൊലീസ് പരിശോധന നടത്തിയിരുന്നു.