പെരിയാറിൽ കൂട്ടത്തോടെ മീനുകൾ ചത്തു പൊങ്ങി: മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് മീനുകൾ എറിഞ്ഞ് പ്രതിഷേധം
കൊച്ചി: പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. മത്സ്യകൃഷിക്കാരോടും നാട്ടുകാരോടുമൊപ്പം ചേർന്നാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ മലീനികരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാർ ചത്തു പൊങ്ങിയ മീനുകൾ എറിഞ്ഞു. അടുത്ത മാസം വിളവെടുക്കാൻ പാകമായ മീനുകളാണ് ചത്തു പൊങ്ങിയിരിക്കുന്നത്. മീൻവളർത്തുന്നവരും പിടിക്കുന്നവരും എല്ലാവരും ദുരന്താവസ്ഥയിലാണ്.
പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിന് സ്ഥലത്തെത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയറുടെ വാഹനവും പ്രതിഷേധക്കാർ തടഞ്ഞു. ഇന്നലെ രാവിലെ അലൈൻസ് മറൈൻ പ്രോഡക്റ്റ് എന്ന കമ്പനി രാസമാലിന്യം ഒഴുകിയതിന്റെ ലക്ഷണങ്ങൾ കണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. മീനുകൾ ചത്തു പൊങ്ങാനുള്ള കാരണം അതാണോ എന്ന് വ്യക്തമായിട്ടില്ല. മീനുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴി വേസ്റ്റ് പ്രോസ്സസ് ചെയ്യുന്ന കമ്പനിയാണ് അലൈൻസ് മറൈൻ. കമ്പനി അടച്ചു പൂട്ടുന്നതിനു മുന്നോടിയായി വിശദീകരണം ചോദിച്ച് നോട്ടീസ് നൽകുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ബണ്ട് തുറന്നതും വെള്ളം പുഴയിലേക്ക് എത്തിയതും. അതിന് പിന്നാലെയാണ് മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങാൻ തുടങ്ങിയത്. ഇത്തരത്തിൽ ബണ്ട് തുറന്നപ്പോൾ ജല അതോറിറ്റി മലിനീകരണ നിയന്ത്രണ ബോർഡിനോ, തദ്ദേശസ്ഥാപനങ്ങൾക്കോ യാതൊരുവിധ മുന്നറിയിപ്പും നൽകിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവരെയായിട്ടും ഒരു മന്ത്രിയോ എംഎൽഎയോ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ആളുകളോ പുഴയോരത്ത് വന്ന് നോക്കിയിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ‘കടമകുടിയിൽ നിന്നുള്ളവർ വരെ വളരെ വിഷമിച്ചാണ് എത്തിയിരിക്കുന്നത്. മത്സ്യം വളർത്തുന്നവരും പിടിക്കുന്നവരും വന്നിട്ടുണ്ട്. എല്ലാവർക്കും ദുരവസ്ഥയാണ്. ഇനി പുഴ ഇങ്ങനെ ആകണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും. ഒരുമുന്നറിയിപ്പും നൽകാറില്ല. എടയാർ ഭാഗത്തുള്ള വ്യവസായശാലയാണ് ഇത് ചെയ്തിരിക്കുന്നത്. പുഴയോരത്തുകൂടി പോയാൽ അതിൻ്റെ ഉറവിടം കണ്ടെത്താൻ കഴിയും. അത് ഇവിടെ ആരും ചെയ്യുന്നില്ല’, പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.