പി.സി ജോർജിനെ യു.ഡി.എഫിന്റെ പരിസരത്ത് അടുപ്പിക്കരുത്; പൂഞ്ഞാർ യു.ഡി.എഫ് മേഖലാ കമ്മിറ്റിയുടെ പ്രമേയം; പി.സി ജോർജ് പ്രവേശനം തടയാനൊരുങ്ങി പൂഞ്ഞാറിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം

പി.സി ജോർജിനെ യു.ഡി.എഫിന്റെ പരിസരത്ത് അടുപ്പിക്കരുത്; പൂഞ്ഞാർ യു.ഡി.എഫ് മേഖലാ കമ്മിറ്റിയുടെ പ്രമേയം; പി.സി ജോർജ് പ്രവേശനം തടയാനൊരുങ്ങി പൂഞ്ഞാറിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം

തേർഡ് ഐ പൊളിറ്റിക്‌സ്

കോട്ടയം: കോൺഗ്രസിനോടും ബി.ജെ.പിയോടും ഉടക്കി മുന്നണിവിട്ടു സ്വതന്ത്രനായി നിന്ന പി.സി ജോർജ് എം.എൽ.എയ്ക്ക് നാട്ടിൽ നിന്നും മുട്ടൻ തിരിച്ചടി. എല്ലാ മുന്നണികളെയും ഒറ്റയ്ക്കു മലർത്തിയടിച്ച് പി.സി ജോർജ് എം.എൽ.എയ്ക്ക് ഇത്തവണ പൂഞ്ഞാറിൽ കാലിടറുമോ. എസ്.എൻ.ഡി.പിയും മുസ്ലീം സമുദായവും എതിർത്തു നിൽക്കുന്നതിനു പിന്നാലെ, പി.സി ജോർജ് എം.എൽ.എയ്‌ക്കെതിരെ യുഡിഎഫ് മണ്ഡലം കമ്മിറ്റി കൂടി രംഗത്ത് എത്തി.

എസ്.എൻ.ഡി.പി – മുസ്ലീം സമുദായത്തെയും, കന്യാസ്ത്രീയെ അധിക്ഷേപിച്ചതിലൂടെ ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗത്തെയും എതിരാക്കിയ പി.സി ജോർജ് എം.എൽ.എ ഒറ്റയ്ക്കു നിന്നിൽ പരാജയം ഉറപ്പാക്കിയതോടെ യു.ഡി.എഫ് മുന്നണിയുടെ ഭാഗമാകാനുള്ള ശ്രമമാണ് നടത്തുന്നത്. ഈ ശ്രമത്തിന് തിരിച്ചടിയായാണ് ഇപ്പോൾ പി.സി ജോർജിനെതിരെ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു യു.ഡി.എഫിൽ നിന്നും പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങൾക്ക് ഇവിടെ ഒരു സാധ്യതയുണ്ടെന്നു പി.സി ജോർജ് വിഭാഗം തിരിച്ചറിഞ്ഞത്. തുടർന്നാണ്, യു.ഡി.എഫ് മുന്നണിയുടെ ഭാഗമാകാൻ ജോർജ് കരുക്കൾ നീക്കി തുടങ്ങിയത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനു മുൻപ് യുഡി.എഫ് മുന്നണിയുടെ ഭാഗമാകാനാണ് ജോർജ് ശ്രമം നടത്തിയത്. ഇതിനെതിരെയാണ് ഇപ്പോൾ പൂഞ്ഞാർ യു.ഡി.എഫ് മേഖല കമ്മിറ്റി രംഗത്ത് എത്തിയത്.

പൂഞ്ഞാർ മേഖലാ കമ്മിറ്റിയുടെ പ്രമേയം

രാഷ്ട്രീയ ഒറ്റുകാരെ യു.ഡി.എഫിന് ആവശ്യമില്ല: യു.ഡി.എഫ് പൂഞ്ഞാർ മേഖല കമ്മിറ്റി

ഈരാറ്റുപേട്ട: വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനും ഇടതുപക്ഷ ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുവാനും യുഡി.എഫ് പൂഞ്ഞാർ മേഖലാ യോഗം തീരുമാനിച്ചു. കഴിഞ്ഞ 35 വർഷക്കാലമായി പൂഞ്ഞാർ നിയോജക മണ്ഡലത്്തിൽ വികസന മുരടിപ്പാണെന്നും പൂഞ്ഞാറിന്റെ സമീപ മണ്ഡലങ്ങളിൽ വികസനത്തിന്റെ വൻ കുതിപ്പുകൾ നടന്നിട്ടും പൂഞ്ഞാറിലുണ്ടായ വികസന മുരടിപ്പ് ഇവിടുത്തെ ജനപ്രതിനിധിയുടെ ഉത്തരവാദിത്വമില്ലായ്മയും, ഉദാസീനതയുമാണ് എന്നു യോഗം വിലയിരുത്തി.

വ്യക്തിതാല്പര്യത്തിന് വേണ്ടി സംശുദ്ധമായ കേരള രാഷ്ട്രീയത്തെ മലീമസമാക്കുവാൻ ശ്രമിച്ച ഇവിടുത്തെ ജനപ്രതിനിധി സ്വന്തം കാര്യലാഭത്തിനു വേണ്ടി യുഡിഎഫിൽ കടന്നു കയറാമെന്നുള്ളത് അദ്ദേഹത്തിന്റെ വ്യർത്ഥ മോഹം മാത്രമാണ്. നിൽക്കുന്ന മുന്നണിയെയും പാർട്ടിയെയും ഒറ്റുകൊടുത്ത് രാഷ്ട്രീയ വഞ്ചന നടത്തുന്ന പൂഞ്ഞാർ എം.എൽ.എയെയും യു.ഡി.എഫിന് ആവശ്യമില്ലെന്ന് യോഗം ഐക്യകണ്‌ഠേനെ പ്രമേയം പാസാക്കി.

യോഗത്തിൽ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മജു മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം തോമസ് കല്ലാടൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.ജോമോൻ ഐക്കര, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എം മുഹമ്മദ് ഇല്യാസ്, മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി കെ.എം മുഹമ്മദ് അഷ്‌റഫ്, ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ നിസാർ കുർബാനി, മുസ്ലീം ലീഗ് മേഖലാ പ്രസിഡന്റ് പി.എം സലിം, പി.എസ് അബ്ദുൾ ഖാദർ, കേരള കോൺഗ്രസ് നേതാക്കളായ സാബു പ്ലോത്തോട്ടം, പയസ് കവളമ്മാക്കൽ, റസിം മുതുകാട്ടിൽ, അഡ്വ.വി.ജെ ജോസ്, പി.എച്ച് നൗഷാദ്, ജോർജ് സെബാസ്റ്റിയൻ, വർക്കിച്ചൻ വയമ്പോത്തനാൽ, ലത്തീഫ് വെള്ളൂപ്പറമ്പിൽ, എബി കിഴക്കേത്തോട്ടം, എം.സി വർക്കി, സുരേഷ് കാലായിൽ, ബേബി മുത്തനാട്ട്, എം.ഐ അൻസാരി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ മാഹിൻ, സിറാജ് കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.