പി.സി ജോർജ് വീണ്ടും എൻ.ഡി.എയിലേയ്ക്ക്: യു.ഡി.എഫ് പ്രവേശനം ഉറപ്പാകാത്ത സാഹചര്യത്തിൽ ബി.ജെ.പിയുമായി ചർച്ച സജീവമാക്കി പി.സി ജോർജ്; രാമക്ഷേത്ര നിർമ്മാണത്തിന് ബി.ജെ.പി നേതാവ് എൻ.ഹരിയ്ക്ക് സംഭാവന നൽകി ജോർജ്

പി.സി ജോർജ് വീണ്ടും എൻ.ഡി.എയിലേയ്ക്ക്: യു.ഡി.എഫ് പ്രവേശനം ഉറപ്പാകാത്ത സാഹചര്യത്തിൽ ബി.ജെ.പിയുമായി ചർച്ച സജീവമാക്കി പി.സി ജോർജ്; രാമക്ഷേത്ര നിർമ്മാണത്തിന് ബി.ജെ.പി നേതാവ് എൻ.ഹരിയ്ക്ക് സംഭാവന നൽകി ജോർജ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ബി.ജെ.പി മുന്നണിയുടെ ഭാഗമായി നിന്നു പ്രവർത്തിച്ചിട്ടും കാര്യമായ അംഗീകാരമോ പരിഗണനയോ ലഭിക്കുന്നില്ലെന്നു വ്യക്തമാക്കി മുന്നണി വിട്ട പി.സി ജോർജ് വീണ്ടും എൻ.ഡി.എ പ്രവേശനത്തിന് തയ്യാറെടുക്കുന്നതായി സൂചന. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയാണ് ബി.ജെ.പി നേതാക്കളുമായി വേദി പങ്കിട്ട പി.സി ജോർജ് എം.എൽ.എ താൻ വീണ്ടും എൻ.ഡി.എ മുന്നണിയിലേയ്‌ക്കെന്ന സൂചന നൽകിയത്.

യു.ഡി.എഫ് നേതാക്കളുമായി ജോർജ് നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ജോർജ് വീണ്ടും എൻ.ഡി.എ പ്രവേശന സാധ്യതകൾ ചർച്ച ചെയ്യുന്നത്. പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിന്റെ വീട്ടിൽ നേരിട്ടെത്തിയ ഹിന്ദു സംഘടനാ നേതാക്കളാണ് ജോർജിൽ നിന്നും നിധി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രനിധിയുടെയും ആർ.എസ്.എസ് കോട്ടയം സേവാപ്രമുഖ് ആർ.രാജേഷാണ് പി.സി ജോർജിൽ നിന്നും നിധി ഏറ്റുവാങ്ങിയത്. രാമക്ഷേത്ര സംഭാവന നിധിയിലേയ്ക്ക് സംഭാവന നൽകിയതിനുള്ള കോൺഗ്രസിന്റെ വൈമുഖ്യ നിലപാടിനെയും പി.സി ജോർജ് തള്ളിപ്പറയുന്നുണ്ട്.

രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് സംഭാവന നൽകിയത് തെറ്റുപറ്റി എന്ന എൽദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ലന്നു പി.സി ജോർജ് വിമർശിക്കുന്നു. ഒരു ജന പ്രതിനിധി എന്ന നിലയിൽ എല്ലാവരേയും ഒരു പോലെ കാണണം എന്നാണ് എന്റെ നിലപാട് എന്നും അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രനിധി സംഭാവന നൽകിയ ശേഷം അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കളായ എൻ.ഹരി, ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, ആർ. രാജീവ് സതീഷ് ചന്ദ്രൻ മാസ്റ്റർ അജീഷ് കുമാർ എന്നിവർ നേരിട്ടെത്തിയാണ് പി.സി ജോർജിൽ നിന്നും സംഭാവന സ്വീകരിച്ചത്.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വിവിധ മേഖകളിൽ നിന്നും ഇക്കുറി ജോർജിനു കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. ഈ വെല്ലുവിളി നികത്തുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പി.സി ജോർജ് നടത്തുന്നത്. ഏതെങ്കിലും മുന്നണിയുടെ ഭാഗമായില്ലെങ്കിൽ ഇക്കുറി പൂഞ്ഞാറിൽ പച്ച തൊടില്ലെന്ന് ജോർജിന് ഉറപ്പാണ്. ഇതാണ് ജോർജിന്റെ മുന്നണി പ്രവേശനം എന്ന ലക്ഷ്യത്തിനു പിന്നിലും.