ജയിലിലും പി സിയുടെ സിനിമാ സ്റ്റൈൽ ഷോ; അഞ്ച് ചപ്പാത്തിയും കുറുമ കറിയും കൊടുത്തതിന് ശേഷം സെൽ അടയ്ക്കാൻ വന്ന വാർഡനോട് പി സി യുടെ ഷോ; ഉന്നത ഉദ്യോ​ഗസ്ഥൻ ഇടപ്പെട്ട് പി സിയെ മെരുക്കി; കൊതുകുകടി കൊണ്ട് ഉറങ്ങി പി സിയുടെ ജയിലിലെ ആദ്യദിനം

ജയിലിലും പി സിയുടെ സിനിമാ സ്റ്റൈൽ ഷോ; അഞ്ച് ചപ്പാത്തിയും കുറുമ കറിയും കൊടുത്തതിന് ശേഷം സെൽ അടയ്ക്കാൻ വന്ന വാർഡനോട് പി സി യുടെ ഷോ; ഉന്നത ഉദ്യോ​ഗസ്ഥൻ ഇടപ്പെട്ട് പി സിയെ മെരുക്കി; കൊതുകുകടി കൊണ്ട് ഉറങ്ങി പി സിയുടെ ജയിലിലെ ആദ്യദിനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ റിമാന്റിലായ പി സി ജോര്‍ജിനെ ജില്ലാ ജയിലില്‍ നിന്നും വ്യാഴാഴ്ച അഞ്ചു മണിയോടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. അഡ്‌മിഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജോര്‍ജിനെ ആശുപത്രി സെല്ലിലേക്ക് മാറ്റി. ഐ ജി ലക്ഷ്മണയും എം.വി ജയരാജനും കിടന്ന അതേ റൂമില്‍ തന്നെയാണ് പി സിയെ യേയും എത്തിച്ചത്. ജയിലില്‍ എത്തുമ്പോൾ ഷുഗര്‍, പ്രഷര്‍ , അടക്കമുള്ള രോഗങ്ങള്‍ക്ക് കഴിക്കാന്‍ ഒരു ഡസന്‍ ഗുളികയും ഉറക്കത്തിലെ ശ്വാസ തടസം മാറ്റാനും ഓക്‌സിജന്‍ എടുക്കാന്‍ സഹായിക്കുന്നതുമായ ബൈപാപ്പ് മെഷീൻ അടക്കം സർവ്വ സന്നാഹങ്ങളുമായിട്ടാണ് പി സി ജയിലിലെത്തിയത്.

ജയില്‍ ഡോക്ടര്‍ പരിശോധിച്ച ശേഷമാണ് ഈ മെഷീന്‍ അടക്കം ജയിലിനുള്ളില്‍ കയറ്റാന്‍ അനുവദിച്ചത്. വൈകുന്നേരം പരിശോധിച്ചപ്പോഴും ജോര്‍ജിന്റെ ബി പി സാധാരണ നിലയില്‍ ആയിരുന്നില്ല. ആറു മണിയോടെ അഞ്ച് ചപ്പാത്തിയും കുറുമ കറിയും ജോര്‍ജിന്റെ റൂമില്‍ കൊടുത്തു. തുടര്‍ന്ന് സെല്ല് പൂട്ടാന്‍ തുടങ്ങിയ വാർഡനുമായി പി സി വാക്കേറ്റം നടത്തുകയും സെൽ പൂട്ടാൻ വിസമ്മതിക്കുകയും ചെയ്തത് മൂലം സെല്ല് പൂട്ടാതെ വാര്‍ഡന്‍ തിരികെ പോയി .തുടര്‍ന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എത്തി ജോര്‍ജിനെ അനുനയിപ്പിച്ചു. അതിന് ശേഷം സെല്ല് പൂട്ടുകയായിരുന്നു. സെല്ലില്‍ ജോര്‍ജിനായി ഒരു കട്ടിലും ഫാനുമാണ് അനുവദിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്നപ്പോള്‍ തന്നെ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ പല ആവശ്യങ്ങളും ജോര്‍ജ് മുന്നോട്ടു വെച്ചെങ്കിലും അതൊന്നും ഉദ്യോഗസ്ഥര്‍ ചെവികൊണ്ടില്ല . ജയില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ജോര്‍ജിനെ ആശുപത്രി സെല്ലിലാക്കിയത്. ജയില്‍ നിയമം അനുശാസിക്കുന്ന വി ഐ പി കളുടെ പട്ടികയില്‍ ജോര്‍ജ് വരില്ല. വ്യാഴാഴ്ച രാവിലെ 8 മണിക്ക് ജില്ലാ ജയിലില്‍ എത്തിച്ച പി സി ജോര്‍ജിനെ സൂപ്രണ്ട് ബിനോ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം വൈകുന്നേരം വരെയും അഡ്‌മിഷന്‍ റൂമില്‍ തന്നെ ഇരുത്തി.

ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്നും അറിയിപ്പ് ഉടന്‍ വരുമെന്നുമാണ് ജോര്‍ജ് ജയില്‍ അധികൃതരെ ധരിപ്പിച്ചത്. തുടര്‍ന്ന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതോടെയാണ് പി സിയെ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് ചെയ്ത പി.സി.ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ജോര്‍ജിനെ പൂജപ്പുര ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ജനറല്‍ ആശുപത്രിയില്‍ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി. പി.സി.ജോര്‍ജ് തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശം നടത്തുന്നതില്‍ ഗൂഢാലോചനയുണ്ട് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഢാലോചനയെ കുറിച്ച്‌ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുധനാഴ്ച വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജോര്‍ജ്, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജോര്‍ജ്, ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വിദ്വേഷം പരത്തുന്ന വാക്കുകള്‍ ഉപയോഗിച്ച്‌ സാമൂഹിക ഐക്യം തകര്‍ക്കാനും മനഃപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തിയത്. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയും വ്രണപ്പെടുത്തിയതിനാണ് സെക്ഷന്‍ 295 എ യും ചുമത്തിയത്.