പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; ആക്രമണത്തിന് ഇരയായത് പാൽ  വാങ്ങാൻ പോയ പന്ത്രണ്ടുകാരി ; പെൺകുട്ടിക്ക്  നായയുടെ കടിയേറ്റത് കണ്ണിൽ ഉൾപ്പെടെ ശരീരത്തിന്റെ ഏഴു ഭാഗങ്ങളിൽ

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; ആക്രമണത്തിന് ഇരയായത് പാൽ വാങ്ങാൻ പോയ പന്ത്രണ്ടുകാരി ; പെൺകുട്ടിക്ക് നായയുടെ കടിയേറ്റത് കണ്ണിൽ ഉൾപ്പെടെ ശരീരത്തിന്റെ ഏഴു ഭാഗങ്ങളിൽ


സ്വന്തം ലേഖിക

പത്തനംതിട്ട: പാൽ വാങ്ങാൻ പോയ കുട്ടിയെ തെരുവുനായ ക്രൂരമായി ആക്രമിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമി (12) ആണ് ആക്രമണത്തിന് ഇരയായത്. കണ്ണിൽ ഉൾപ്പെടെ ശരീരത്തിൽ ഏഴിടത്ത് ഗുരുതരമായി കടിയേറ്റ അഭിരാമിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ കാർമൽ എൻജിനീയറിങ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴാണ് പിന്നാലെ എത്തിയ തെരുവുനായ ആക്രമിച്ചത്. കാലുകളിൽ കടിയേറ്റ് താഴെ വീണ കുട്ടിയെ നായ വീണ്ടും ആക്രമിക്കുകയായിരുന്നു. കണ്ണിലും തോളിലും സാരമായി പരുക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഭിരാമിയുടെ അമ്മ രജനിയും അയൽവാസിയും ചേർന്ന് ഉടൻതന്നെ റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാൽ അവിടെ ഡോക്ടർ എത്തിയിട്ടില്ലാതിരുന്നതിനാൽ പെരുനാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കണ്ണിനേറ്റ പരുക്ക് ഗുരുതരമാണെന്നും കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ കണ്ണിന്റെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണാശുപത്രിയിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കാർമൽ എൻജിനീയറിങ് കോളജ് റോഡ്, മന്ദപ്പുഴ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇവയെ പേടിച്ച് വഴിനടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു.