പത്താം വയസിൽ നഷ്ടമായ സംസാരശേഷി നാല്പത് വർഷത്തിന്  ശേഷം തിരികെ കിട്ടി

പത്താം വയസിൽ നഷ്ടമായ സംസാരശേഷി നാല്പത് വർഷത്തിന് ശേഷം തിരികെ കിട്ടി

സ്വന്തംലേഖിക

 

നാദാപുരം: നാല് പതിറ്റാണ്ടായി സംസാരിക്കാത്തൊരാൾ പെട്ടെന്ന് സംസാരിച്ചാൽ എന്തായിരിക്കും അവസ്ഥ. സന്തോഷവും ഞെട്ടലുമൊക്കെ ഉണ്ടാകുമെന്ന് ഉറപ്പ്. അത്തരത്തിലൊരു ഞെട്ടലാണ് വടകരയ്ക്കടുത്ത് അരൂരിലെ തൊലേരി സ്വദേശികൾക്ക് കഴിഞ്ഞ ദിവസം ഉണ്ടായത്. നാലു പതിറ്റാണ്ടിന് ശേഷം സംസാര ശേഷി തിരിച്ച് കിട്ടിയിരിക്കുകയാണ് പരേതരായ കണാരൻ-കല്യാണി ദമ്പതികളുടെ മകനായ ബാബുവിന്.നാലാം ക്ലാസുവരെ നന്നായി സംസാരിച്ചുകൊണ്ടിരുന്ന ബാബുവിന് പെട്ടെന്ന് ഒരു ദിവസം സംസാര ശേഷി നഷ്ടമായി. ഒരുപാട് ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അരൂർ കണ്ണംകുളം എൽ.പി സ്‌കൂളിലാണ് പഠിച്ചത്. എന്നാൽ സംസാരിക്കാൻ സാധിക്കാതായതോടെ പഠനവും നിർത്തി. വീടും പരിസരവുമായി ഒതുങ്ങിക്കഴിയാൻ തുടങ്ങി. അങ്ങനെ നാല് പതിറ്റാണ്ട് കടന്നുപോയി. ഇപ്പോഴിതാ തന്റെ 52ാമത്തെ വയസിൽ വീണ്ടും സംസാരശേഷി കിട്ടിയിരിക്കുകയാണ് ബാബുവിന്.കഴിഞ്ഞ ദിവസം വൈകീട്ട് പുറത്തേക്കിറങ്ങിയ ബാബുവിനോട് എവിടെ പോകുകയാണെന്ന് സഹോദരൻ ചോദിച്ചു. ഇതിന് മറുപടിയായി ‘ചെത്തിൻ പോകണമെന്ന്’ പറഞ്ഞു. അതുവരെ ആംഗ്യത്തിലൂടെ കാര്യങ്ങൾ പറയുന്ന വ്യക്തി വാ തുറന്ന് മറുപടി നൽകിയത് കേട്ടപ്പോൾ കുടുംബം ഒന്നാകെ ഞെട്ടി. സഹോദരനായ കൃഷ്ണന്റെ വീടാണ് ചെത്തിൻ. പിന്നെ വീട്ടുകാരുടെയും കുടംബക്കാരുടെയുമൊക്കെ ചോദ്യങ്ങൾക്ക് മണി മണി പോലെ ബാബു ഉത്തരം പറയാൻ തുടങ്ങി.ശേഷം കുന്നുമ്മൽ ആരോഗ്യകേന്ദ്രത്തിലെത്തി ഡോക്ടറെ കണ്ടു. ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. സിന്ദുവിന്റെ പരിശോധനയിൽ അദ്ഭുതമൊന്നും കണ്ടെത്തിയില്ല. ഇതിന് മുമ്പും നഷ്ടമായ സംസാരശേഷി വർഷങ്ങൾക്ക് ശേഷം തിരിച്ച് കിട്ടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.