ഗജമേളയ്ക്ക് പാമ്പാടി രാജൻ എത്തിയത് മദപ്പാടിന്റെ മൂർധന്യതയിൽ: മദപ്പാടാണെന്ന് നാട്ടുകാർ പറഞ്ഞിട്ടും അധികൃതർ കേട്ടില്ല; ഇത്തിത്താനത്തിന്റെ മണ്ണിൽ കൂട്ടക്കുരുതി ഒഴിവായത് ഭാഗ്യം കൊണ്ട്: ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കൊമ്പനെ തളച്ചു; ആന ഇടഞ്ഞ ചിത്രങ്ങൾ തേർഡ് ഐയിൽ കാണാം

ഗജമേളയ്ക്ക് പാമ്പാടി രാജൻ എത്തിയത് മദപ്പാടിന്റെ മൂർധന്യതയിൽ: മദപ്പാടാണെന്ന് നാട്ടുകാർ പറഞ്ഞിട്ടും അധികൃതർ കേട്ടില്ല; ഇത്തിത്താനത്തിന്റെ മണ്ണിൽ കൂട്ടക്കുരുതി ഒഴിവായത് ഭാഗ്യം കൊണ്ട്: ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കൊമ്പനെ തളച്ചു; ആന ഇടഞ്ഞ ചിത്രങ്ങൾ തേർഡ് ഐയിൽ കാണാം

Spread the love
തേർഡ് ഐ ബ്യൂറോ
കുറിച്ചി: ഇത്തിത്താനത്ത് ഗജരാജൻ പാമ്പാടി രാജൻ ഇടഞ്ഞത് മദപ്പാടിനെ തുടർന്നെന്ന ആരോപണവുമായി നാട്ടുകാർ. കഴിഞ്ഞ ദിവസം മുതൽ മദപ്പാടിന്റെ ലക്ഷണങ്ങളും നീരൊഴുക്കും തുടങ്ങിയ കൊമ്പനെ മാറ്റിക്കെട്ടാതെ ഗജമേളയ്ക്ക് എഴുന്നെള്ളിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഒരു മണിക്കൂറോളം ഇത്തിത്താനത്ത് പ്രശ്‌നമുണ്ടാക്കിയ പാമ്പാടി രാജനെ ഒടുവിൽ പാപ്പാന്മാർ ചേർന്ന് സാഹസികമായി തളച്ചു. കാലുകൾ ചങ്ങലയിൽ ബന്ധിച്ച കൊമ്പനെ ലോറിയിൽ കയറ്റി ക്ഷേത്രപരിസരത്തു നിന്നു മാറ്റാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായുള്ള ഗജമേളയ്ക്കായി പാമ്പാടി രാജനെ ക്ഷേത്ര പരിസരത്ത് എത്തിച്ചത്. വന്നിറങ്ങിയപ്പോൾ മുതൽ അനുസരണക്കേട് കാട്ടിയ കൊമ്പനെ സമീപത്തെ പുരയിടത്തിൽ മാറ്റി തളച്ചിരിക്കുകയായിരുന്നു.  തുടർന്ന് ഗജമേള ആരംഭിക്കുന്നതിനു മുൻപ് നാലു മണിയോടെയാണ് ആനയെ കെട്ടിയ പുരയിടത്തിൽ നിന്നും ആഴിച്ചത്.
തുടർന്ന് കുളിപ്പിക്കുന്നതിനായി കടവിലേയ്ക്ക് കൊണ്ടു പോയി. ഇവിടെ നിന്നും തിരികെ എത്തിച്ച് ഗജമേള നടക്കുന്ന മൈതാനത്തേയ്ക്ക് ഇറക്കാൻ തുടങ്ങുന്നതിനിടെ കൊമ്പൻ ഇടയുകയായിരുന്നു. അനുസരണക്കേട് കാട്ടിയ ആന പുരയിടത്തിൽ നിന്ന രണ്ട് തെങ്ങ് പിഴുതെറിഞ്ഞു. റോഡിരികിൽ പാർക്ക് ചെയ്തിരുന്ന കാറും കൊമ്പിൽ കോർത്തെടുത്ത ശേഷം സമീപത്തെ പുരയിടത്തിലേയ്ക്ക് ഓടിക്കയറി.

ഇവിടെ മണിക്കൂറുകളോളം നിലയുറപ്പിച്ച ആന അടുത്തേയ്ക്ക് വന്ന പാപ്പാന്മാരെ വിരട്ടിയോടിച്ചു. ആന ഇടഞ്ഞ വിവരമറിഞ്ഞ് ഈ പുരയിടത്തിൽ നിർത്തിയിരുന്ന മറ്റ് ആനകളെ ഉടൻ തന്നെ നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് ഒരു മണിക്കൂറോളം പരിശ്രമിച്ച വൈകിട്ട് അഞ്ചരയോടെയാണ് കൊമ്പനെ തളച്ചത്. തുടർന്ന് ആനയെ ഇവിടെ നിന്നും മാറ്റാൻ പൊലീസ് നിർദേശം നൽകി.
തുടർന്ന് പാപ്പാൻമാർ ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വീണ്ടും ആന പ്രശ്‌നമുണ്ടാക്കി. തുടർന്ന് കുറച്ചധികം നേരം ആനയെ ലോറിയിൽ കയറ്റാതെ മാറ്റി നിർത്തി. ഇതിനു ശേഷമാണ് ലോറിയിൽ കയറ്റി ഇവിടെ നിന്നും മാറ്റിയത്.

ഗജമേളയ്ക്ക് മുന്നോടിയായി ആനയ്ക്ക് ഫിറ്റ്‌നസ് പരിശോധന നടത്തിയപ്പോൾ തന്നെ മദപ്പാടിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചു. ആനയ്ക്ക് നീരൊഴുകിയിരുന്നു. ഇതു സംബന്ധിച്ചു ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ – നിനക്ക് ഇതെല്ലാം അറിയാമോ..? എന്നു ക്ഷുഭിതനായി ചോദിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ പരാതിക്കാർ മടങ്ങുകയായിരുന്നു. മദപ്പാടുമായി ആയിരങ്ങൾ കൂടുന്ന ഗജമേളയ്ക്ക് നടുവിൽ നിന്ന് ആന ഇടഞ്ഞിരുന്നെങ്കിൽ വൻ ദുരന്തമായിരുന്നേനെ ഇത്തിത്താനത്തെ കാത്തിരിക്കുക. ഭാഗ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
ഇതിനിടെ പാമ്പാടി രാജനെ ഒഴിവാക്കി ഇത്തിത്താനം ക്ഷേത്രത്തിലെ ഗജമേളയും നടന്നു.