പാലാ നഗരസഭയിൽ പിൻസീറ്റ് ഭരണമെന്ന് ആരോപണം; ചെയർമാനെ നോക്കുകുത്തിയാക്കി ഭരണം നിർവ്വഹിക്കുന്നത് തോറ്റ കൗൺസിലർ
സ്വന്തം ലേഖകൻ
പാലാ : നഗരസഭയിൽ ഭരണനിർവ്വഹണം നടത്തുന്നത് തോറ്റ കൗൺസിലർ കൂടിയായ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജു പാലൂർപടവിലാണ് എന്ന ആക്ഷേപം ശക്തമാകുന്നു. നഗരസഭാ കാര്യാലയം പാർട്ടി ഓഫീസ് പോലെയാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത് എന്നാണ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ആക്ഷേപം ഉന്നയിക്കുന്നത്. നഗരപിതാവ് ഇരിക്കേണ്ട മുറിയിൽ ഇദ്ദേഹം സ്ഥിരമായി സ്ഥാനമുറപ്പിച്ച് ഭരണനിർവ്വഹണത്തിൽ കൈ കടത്തുകയും നഗരസഭാധ്യക്ഷനെ നോക്കുകുത്തിയാക്കി നിയമലംഘനങ്ങൾക്ക് കുട പിടിക്കുകയും ചെയ്യുകയാണ് എന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്.
നഗരസഭാ ഭരണം മറയാക്കി അനധികൃത നിർമ്മാണങ്ങൾക്ക് അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് മേലേതിൽ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന പരാതികൾ ഉയരുന്നുണ്ട്. തൻറെ പരാജയത്തിന് കാരണക്കാരായ ഒരു സമുദായത്തിനെതിരെയും, വ്യക്തികൾക്ക് എതിരെയും ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്ന് വ്യക്തി വിരോധം തീർക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയിലെ വനിതാ ഉദ്യോഗസ്ഥർക്ക് നേരെ ഇദ്ദേഹം സഭ്യതയുടെ സീമകൾ ലംഘിച്ചുള്ള മാനസിക പീഡനങ്ങൾ ആണ് നടത്തുന്നത് എന്ന എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു വനിത ഉദ്യോഗസ്ഥ രേഖാമൂലം പരാതി നൽകിക്കഴിഞ്ഞു. തൻറെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാത്തതിനാൽ ഈ ഉദ്യോഗസ്ഥയെ ഇയാൾ നേരിട്ടിടപെട്ട് തനിക്ക് ശത്രുതയുള്ള ചില കൗൺസിലർമാരുടെ വാർഡിലേക്ക് ചുമതല മാറ്റം നൽകാനുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു.
പാലാ നിയോജക മണ്ഡലത്തിലെ ഒരു പ്രമുഖ സമുദായമായ എസ്എൻഡിപി വിഭാഗത്തിനെതിരെ അദ്ദേഹം നടത്തിയ അവഹേളനപരമായ പരാമർശം ജോസ് കെ മാണിയുടെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പോലും ഒരു പ്രബല കാരണമായി രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഒരു സഭാ വിശ്വാസി ആയിരുന്നിട്ടു പോലും ഇദ്ദേഹം കത്തോലിക്കാ സഭയ്ക്കെതിരെ നടത്തിയ പല പ്രസ്താവനകളും മുൻകാലങ്ങളിൽ വിവാദങ്ങൾ ആയിട്ടുണ്ട്. കേരള കോൺഗ്രസ് ശക്തികേന്ദ്രമായ പാലാ അരമന വാർഡിൽ ഇദ്ദേഹം സ്ഥാനാർഥി ആയതുകൊണ്ട് മാത്രമാണ് കേരള കോൺഗ്രസിന് പരാജയം ഉണ്ടായത് എന്നതും ഒരു യാഥാർഥ്യമാണ്. യാഥാർത്ഥ്യങ്ങൾ ഒക്കെ നിലനിൽക്കെ നിലവിലെ നഗരസഭ അധ്യക്ഷനായ ആൻറ്റോ ജോസ് പടിഞ്ഞാറക്കരയോടുള്ള അവിശ്വാസം മൂലമാണ് ഇദ്ദേഹത്തെ നഗരസഭാ ഭരണം നിയന്ത്രിക്കുന്നതിന് നിയോഗിച്ചതെന്നും രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചകൾ ഉണ്ട്