പള്ളികൾ നഷ്ടപ്പെട്ടാലും ആ കെട്ടിടങ്ങളെ പ്രതി വിശ്വാസത്തെ ഉപേക്ഷിക്കില്ല: മോർ കൂറിലോസ്: സഭാ സമാധാനത്തിനായി മാത്യൂസ് മോർ തീമോത്തിയോസ് ഉപവാസ പ്രാർഥനായജ്ഞം ആരംഭിച്ചു

പള്ളികൾ നഷ്ടപ്പെട്ടാലും ആ കെട്ടിടങ്ങളെ പ്രതി വിശ്വാസത്തെ ഉപേക്ഷിക്കില്ല: മോർ കൂറിലോസ്: സഭാ സമാധാനത്തിനായി മാത്യൂസ് മോർ തീമോത്തിയോസ് ഉപവാസ പ്രാർഥനായജ്ഞം ആരംഭിച്ചു

സ്വന്തം ലേഖകൻ

തിരുവഞ്ചൂർ: നന്മുടെ മാതാപിതാക്കളുടെ വിയർപ്പിന്റെ വിലയായ പള്ളികളും സ്വത്തുക്കളും അവസാനശ്വാസം വരെ സംരക്ഷിക്കുമെന്നു നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ്.

യാക്കോബായ സുറിയാനി സഭാ സമാധാനത്തിന് ശാശ്വത പരിഹാരമുണ്ടാകാൻ പ്രാർഥിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിൽ പാത്രിയർക്കീസ് ബാവായുടെ മുൻ സെക്രട്ടറി മാത്യൂസ് മോർ തീമോത്തിയോസ് നടത്തുന്ന ഉപവാസ പ്രാർഥനായജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടങ്ങളല്ല, ദൈവമാണ് വലുത്. സമ്പത്തല്ല വിശ്വാസമാണ് വലുത്. പക്ഷേ അവ നഷ്ടപ്പെടേണ്ടി വന്നാലും, ആ കെട്ടിടങ്ങളെ പ്രതി വിശ്വാസത്തെ ഉപേക്ഷിക്കില്ല. കാരണം അതിലുപരിയാണ് യേശുക്രിസ്തുവിലുള്ള വിശ്വാസവും അന്ത്യോഖ്യാ സിംഹാസനത്തോടുള്ള കൂറും വിധേയത്വവുമെന്ന് നഷ്ടങ്ങൾക്കിടയിലും യാക്കോബായ സഭ ശിരസ് ഉയർത്തിപിടിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നു.

അതുകൊണ്ടുതന്നെ മറുവിഭാഗം പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യരാകുമ്പോൾ മറ്റു സഭകളിൽനിന്ന് യാക്കോബായ സഭയ്ക്ക് പിൻതുണയും ഏകീഭാവവും ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പള്ളികൾ ആക്രമിച്ച് കീഴടക്കുമ്പോൾ മറുവിഭാഗത്തിന് സമൂഹത്തിൽ തലയുയർത്തി നിൽക്കുവാനുള്ള അവകാശങ്ങൾ നഷ്ടപ്പെടുകയാണ്.

അത്തരം പരിഹാസങ്ങളെ ഗൗരവത്തോടെ കാണാതെ ദ്രവ്യാഗ്രഹം മാത്രം മുൻനിർത്തി, ഒരു വിശ്വാസിയെപോലും കിട്ടിയില്ലെങ്കിലും പള്ളിയും പള്ളിയുടെ സമ്പത്തും മതിയെന്ന അത്യാഗ്രഹവുമായി മുന്നോട്ടുപോകുന്ന സമൂഹമായി അവർ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസനാധിപനുമായ സഖറിയാസ് മോർ പീലക്‌സീനോസ് അധ്യക്ഷത വഹിച്ചു. തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലത്തിയോസ്, മൈലാപൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ്, മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ്, ക്‌നാനായ സുറിയാനി സഭയുടെ കുറിയാക്കോസ് മോർ ഗ്രീഗോറിയോസ്,

മാത്യൂസ് മോർ തീമോത്തിയോസ്, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കുറിയാക്കോസ് കടവുംഭാഗം, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ഗീവർഗീസ് പതിനാലിൽപറയിൽ, ബർശീമോൻ റമ്പാൻ, വികാരി ഫാ. ജോസി അട്ടച്ചിറ, സഹവികാരി ഫാ. ബിനോയി കുന്നത്ത് എന്നവിർ പ്രസംഗിച്ചു.

യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര യൂത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസ് സ്ലീബായും സെക്രട്ടറി ബൈജു മാന്താറയും ഉപവാസ പ്രാർഥനായജ്ഞത്തിന് ഐക്യദാർഢ്യം അറിയിച്ചു. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് ഉപവാസ പ്രാർഥനായജ്ഞം.

വരും ദിവസങ്ങളിൽ സഭയിലെ വിവിധ മെത്രാപ്പോലീത്താമാരും വൈദികരും പ്രസംഗിക്കും. ധ്യാനകേന്ദ്രത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും മൊബൈൽ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.