പാലാരിവട്ടം ശരിക്കും പഞ്ചവടിപ്പാലം തന്നെ..! കൊച്ചിയിലെ അഴിമതിപ്പാലം പൊളിച്ചടുക്കാൻ തുടങ്ങിയത് പഞ്ചവടിപ്പാലം റിലീസ് ചെയ്ത ദിവസം; യാദൃശ്ചികമായി എത്തിയത് കാവ്യനീതി

പാലാരിവട്ടം ശരിക്കും പഞ്ചവടിപ്പാലം തന്നെ..! കൊച്ചിയിലെ അഴിമതിപ്പാലം പൊളിച്ചടുക്കാൻ തുടങ്ങിയത് പഞ്ചവടിപ്പാലം റിലീസ് ചെയ്ത ദിവസം; യാദൃശ്ചികമായി എത്തിയത് കാവ്യനീതി

തേർഡ് ഐ ബ്യൂറോ

കൊച്ചി: പഞ്ചവടിപ്പാലം എന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ അക്ഷേപ ഹാസ്യ സിനിമയാണ്. ഒരു പഞ്ചായത്തിന്റെ ഭരണത്തിന്റെ മറവിൽ കേരളത്തിലെ മുഴുവൻ അഴിമതിക്കഥകളുടെയും കെട്ടഴിക്കുകയായിരുന്നു ദുശാസനക്കുറുപ്പും സംഘവും ചേർന്ന്. പാലം പൊളിക്കാനും, പണിയാനും വീണ്ടും തകർക്കാനും കരാറെടുക്കുന്നതും, കടത്തുണ്ടാക്കാൻ കൈക്കൂലി വാങ്ങുന്നതും തുടങ്ങി, സ്വജന പക്ഷപാതം വരെ സിനിമയിൽ പ്രമേയമായി എത്തി.

പാലം നിർമ്മാണത്തിൽ ഭരണവർഗം എത്രത്തോളം അഴിമതി കാണിക്കുമെന്ന് മലയാളികൾക്ക് കാണിച്ചുതന്ന ‘പഞ്ചവടിപ്പാലം’ റിലീസ് ചെയ്ത അതേ ദിനം തന്നെയാണ് കേരളത്തിന്റെ ‘പഞ്ചവടിപ്പാലം’ എന്ന് ഹൈക്കോടതിയും പരാമർശിച്ച പാലാരിവട്ടം മേൽപാലം പൊളിച്ചുതുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1984 സെപ്തംബർ ഇരുപത്തിയെട്ടിനാണ് ‘പഞ്ചവടിപ്പാലം’ സിനിമ റിലീസാകുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച പഞ്ചായത്ത് പ്രസിഡന്റ് ദുശാസ്സനക്കുറുപ്പിന്റെ നേതൃത്വത്തിൽ കെട്ടിപ്പൊക്കിയ പാലം ഉദ്ഘാടനച്ചടങ്ങിനിടെ തകർന്ന കഥയാണ് കെ.ജി.ജോർജ് സംവിധാനം ചെയ്ത സിനിമ പറയുന്നത്.

ഇതിഹാസ, പുരാണ, ചരിത്ര കഥാപാത്രങ്ങളുടെ പേരുകളായിരുന്നു കഥാപാത്രങ്ങൾക്ക്. ദുശ്ശാസനക്കുറുപ്പ്, ശിഖണ്ഡിപ്പിള്ള, മണ്ഡോദരി അമ്മ, ജീമൂതവാഹനൻ, യൂദാസ് കുഞ്ഞ്, ബറാബാസ്, അനാർക്കലി, ജഹാംഗീർ… എന്നിങ്ങനെ പോകുന്നു പേരുകൾ.

ഷൂട്ടിംഗിനൊടുവിൽ പൊളിക്കാൻ വേണ്ടിയായിരുന്നു ലൊക്കേഷനായ കോട്ടയം കവണാറ്റുകരയിൽ സിനിമാസംഘം പാലം നിർമ്മിച്ചത്. കലാസംവിധായകനായിരുന്ന സുന്ദരൻ ഭൂരിഭാഗവും തടികൊണ്ടാണ് താത്കാലികപാലം നിർമ്മിച്ചത്. ഇല്ലിക്കര പഴയപാലം മോടിപിടിപ്പിച്ചെടുത്താണ് മറ്റ് ഭാഗങ്ങൾ ചിത്രീകരിച്ചത്.

കവണാറ്റുകരയിലെ പാലത്തിന്റെ ഉറപ്പ് ഉറപ്പിക്കുന്നതിനായി നിർമ്മാതാവ് ഗാന്ധിമതി ബാലൻ ‘1210’ബെൻസ് ലോറി ആ പാലത്തിലൂടെ ഓടിച്ചു. പിന്നാലെ എൻ.എൽ.ബാലകൃഷ്ണൻ പാലത്തിലൂടെ നടന്ന് അപ്പുറത്തെത്തി.

80 തെങ്ങിൻ തടികൾ, പലകകൾ, ഹാർഡ് ബോർഡുകൾ ഒക്കെ ചേർത്ത് ചേറ്റിൽ ഉറപ്പിച്ചു പണിത പാലം ബോംബ് വച്ച് പൊളിക്കണം. ജനം സമ്മതിച്ചില്ല. എസ്.എഫ്.ഐ നേതാവായിരുന്ന സുരേഷ് കുറുപ്പ് ഇടപെട്ട് സമ്മതം വാങ്ങി നൽകി. നാല് കാമറ യൂണിറ്റാണ് പൊളിക്കുന്ന രംഗം ഒപ്പിയെടുക്കുന്നത്. ഷാജി എൻ. കരുണായിരുന്നു പ്രധാന കാമറാമാൻ. വേണു, സണ്ണി ജോസഫ്, കെ.ജി.ജയൻ എന്നിവരായിരുന്നു ക്‌ളൈമാക്‌സ് ചിത്രീകരിച്ച മറ്റുള്ളവർ.