വീണ്ടും ഇടതുമുന്നണിയില്‍ ‘പാലാ’ ചര്‍ച്ച കൊഴുക്കുന്നു; മാണി സി കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങുന്നതായി സൂചന; എ കെ ശശീന്ദ്രനെ  മാറ്റി മന്ത്രിയാക്കാമെന്ന്  വാഗ്ദാനം; ശരത് പവാറും പാലാ എംഎല്‍എയും തമ്മില്‍ ചര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ട്; പിന്നിൽ കരുക്കൾ നീക്കുന്നത് പി സി ചാക്കോ

വീണ്ടും ഇടതുമുന്നണിയില്‍ ‘പാലാ’ ചര്‍ച്ച കൊഴുക്കുന്നു; മാണി സി കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങുന്നതായി സൂചന; എ കെ ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ശരത് പവാറും പാലാ എംഎല്‍എയും തമ്മില്‍ ചര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ട്; പിന്നിൽ കരുക്കൾ നീക്കുന്നത് പി സി ചാക്കോ

സ്വന്തം ലേഖിക

കോട്ടയം: പാലാ എംഎല്‍എ മാണി സി കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങുന്നതായി സൂചന.

വനം മന്ത്രി എ കെ ശശീന്ദ്രനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി പകരം ചുമതല നല്‍കാമെന്ന വാഗ്ദാനത്തിലാണ് തിരികെ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ മുന്‍കൈയെടുത്താണ് നീക്കങ്ങള്‍. ഇത് സംബന്ധിച്ച്‌ മാണി സി കാപ്പന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ കെ ശശീന്ദ്രനെതിരെ എന്‍സിപിയില്‍ വികാരം ശക്തമാണ്. മുട്ടില്‍ മരം മുറിയില്‍ അടക്കം പ്രശ്‌നത്തില്‍ പെട്ടു. എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണ് നിലവിലുള്ളത്. ഇതില്‍ ഒരാള്‍ കുട്ടനാട്ടെ തോമസ് കെ തോമസാണ്. ശശീന്ദ്രനെ മാറ്റി കുട്ടനാട്ട് എംഎല്‍എയെ മന്ത്രിയാക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് ശരത് പവാറുമായി അടുപ്പമുള്ള മാണി സി കാപ്പനെ തിരിച്ചു കൊണ്ടു വരാനുള്ള നീക്കം.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബ്ബലമാകുന്ന സാഹചര്യത്തില്‍ മാണി സി കാപ്പനും യുഡിഎഫ് വിടാന്‍ ആഗ്രഹമുണ്ടെന്നാണ് സൂചന. പാലായില്‍ ഇടതുപക്ഷത്ത് കേരളാ കോണ്‍ഗ്രസ് എമ്മിനാണ് സീറ്റ്. ജോസ് കെ മാണിയാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇടതു പക്ഷത്തേക്ക് മാണി സി കാപ്പന്‍ വന്നാലും അടുത്ത തവണ പാലാ സീറ്റ് കിട്ടാനിടയില്ലെന്ന പ്രശ്‌നവുമുണ്ട്.

ജോസ് കെ മാണി ഒരു കാരണവശാലും ഈ സീറ്റ് വിട്ടുകൊടുക്കില്ല. ഇതാണ് മാണി സി കാപ്പന് ഇടതുപക്ഷത്തേക്ക് എത്താനുള്ള പ്രധാന വെല്ലുവളി. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടായാല്‍ മാണി സി കാപ്പന് ഇടതുപക്ഷത്ത് തിരിച്ചെത്താനാകും. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ നിലപാട് മാത്രമാകും നിര്‍ണ്ണായകം.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ താത്പര്യപ്പെട്ടിരുന്ന മാണി സി.കാപ്പന് എന്‍സിപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. പിന്നാലെ അദ്ദേഹം എന്‍സികെ രൂപീകരിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു സഭയിലേക്കെത്തി. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിക്കെതിരെയായിരുന്നു വിജയം.

പാലായില്‍ കെ എം മാണിയുടെ മരണ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയാണ് മാണി സി കാപ്പന്‍ ആദ്യം നിയമസഭയിലെത്തുന്നത്. കോണ്‍ഗ്രസ് എസിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ മാണി സി കാപ്പന്‍ മൂന്ന് തവണ ഇടതുപക്ഷ മുന്നണി നിയമസഭാ സ്ഥാനാര്‍ത്ഥിയായി പാലായില്‍ മത്സരിച്ചിട്ടുണ്ട്. എന്‍സിപി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചിരുന്നു.

മാണി സി.കാപ്പന്‍ മന്ത്രിയായാല്‍ എ.കെ.ശശീന്ദ്രന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, പി.സി.ചാക്കോയുടെ നീക്കത്തില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ടെന്നാണ് സൂചന.