നാട്ടുകാര്‍ക്ക് പാരയായി പാറമട ലോബി….! പരിസ്ഥിതി ലോല മേഖല എന്നത് അവഗണിച്ച്‌  അധികാരികള്‍ ലൈസൻസ് നൽകിയത് മൂന്ന് പാറമടകള്‍ക്ക്; പാലാ കരൂരില്‍ ജനകീയ പ്രതിഷേധമുയരുന്നു….

നാട്ടുകാര്‍ക്ക് പാരയായി പാറമട ലോബി….! പരിസ്ഥിതി ലോല മേഖല എന്നത് അവഗണിച്ച്‌ അധികാരികള്‍ ലൈസൻസ് നൽകിയത് മൂന്ന് പാറമടകള്‍ക്ക്; പാലാ കരൂരില്‍ ജനകീയ പ്രതിഷേധമുയരുന്നു….

സ്വന്തം ലേഖിക

പാലാ: കരൂര്‍ പഞ്ചായത്തിലെ കുടക്കച്ചിറ, വലവൂര്‍, ചക്കാമ്പുഴ ഗ്രാമങ്ങളില്‍ പിടിമുറുക്കിയ പാറമട ലോബി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.

പരിസ്ഥിതി ലോല മേഖല എന്നതുപോലും അവഗണിച്ച്‌ കരൂര്‍ പഞ്ചായത്ത് അധികാരികള്‍ ലൈസൻസ് കൊടുത്തിട്ടുള്ളത് മൂന്ന് പാറമടകള്‍ക്കാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഒരേ സമയം ഇരയ്ക്ക് ഒപ്പവും വേട്ടക്കാരനൊപ്പവും ഓടുന്ന നടപടിയാണ് കരൂര്‍ പഞ്ചായത്ത് അധികാരികള്‍ കൈക്കൊള്ളുന്നതെന്നും സമരസമിതി നേതാക്കള്‍ പറയുന്നു. ഏകജാലകത്തിന്റെ പേരില്‍ പരിശോധന പോലും നടത്താതെയും പഞ്ചായത്ത് ഉപസമിതി സന്ദര്‍ശിക്കാതെയുമാണ് ഖനനാനുമതി പാസാക്കിയതെന്നും ആരോപണമുണ്ട്.

ജനവാസ മേഖലയില്‍ നിന്ന് ക്വാറികളിലേക്കുള്ള ആകാശദൂരം 50 മീറ്റര്‍ എന്നത് ലംഘിച്ചിരിക്കുന്നു, ഖനനമേഖലയ്ക്ക് ചുറ്റും മുള്ളുവേലിയിട്ട് തിരിച്ചിട്ടില്ല, ക്വാറി പ്രദേശത്തിന് ചുറ്റും ഗ്രീൻബെല്‍റ്റ് വച്ചുപിടിപ്പിച്ചിട്ടില്ല, കരിങ്കല്‍ ലോഡുമായി പോകേണ്ട ടോറസ് ടിപ്പര്‍ എന്നിവയ്ക്ക് വീതിയുള്ള അനുബന്ധ റോഡുകളില്ല തുടങ്ങിയ കാര്യങ്ങളും സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

സെന്റ് തോമസ് മൗണ്ട്, കലാമുകുളം, കൂവയ്ക്കല്‍മല എന്നിവ നിശ്ശേഷം നശിപ്പിക്കുന്ന മൂന്ന് പാറമടകള്‍ക്കെതിരെയും ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാൻ സമരസമിതി തീരുമാനിച്ചു കഴിഞ്ഞു. പോസ്റ്റോഫീസ്, ഹൈസ്‌കൂള്‍, പള്ളി, ഗ്രന്ഥശാല, കൂവയ്ക്കല്‍ ശാസ്താക്ഷേത്രം, ട്രിപ്പിള്‍ ഐ.ടി., ചക്കാമ്പുഴ തുടങ്ങിയ പ്രദേശങ്ങളിലും ഈ പാറമടകള്‍ കനത്ത നാശം വിതയ്ക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികളായ പ്രൊഫ. ജോര്‍ജ്ജ് ജോസഫ്, മാത്യു വാഴകാട്ട്, ബിജു പള്ളിക്കുന്നേല്‍, ഡെന്നി സെബാസ്റ്റ്യൻ എന്നിവര്‍ പറഞ്ഞു.

അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിനുവേണ്ടി ഇന്ന് രാവിലെ 10.30 ന് കരൂര്‍ പഞ്ചായത്ത് പടിക്കല്‍ ജനകീയ ധര്‍ണ്ണയും പ്രതിഷേധ സമ്മേളനവും നടത്തും. ചലച്ചിത്ര സംവിധായകൻ ഭദ്രൻ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നും പഞ്ചായത്ത് അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നപക്ഷം സമരം ശക്തമാക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.