പാലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ സ്ഥലംമാറ്റം; പോസ്റ്റ്‌മോര്‍ട്ടം മുടങ്ങി; പ്രതിസന്ധിയിലായി ജനങ്ങൾ; ഉടൻ പരിഹാരം  വേണമെന്ന ആവശ്യം ശക്തം

പാലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ സ്ഥലംമാറ്റം; പോസ്റ്റ്‌മോര്‍ട്ടം മുടങ്ങി; പ്രതിസന്ധിയിലായി ജനങ്ങൾ; ഉടൻ പരിഹാരം വേണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖിക

പാലാ: പാലാ ഗവ: ജനറല്‍ ആശുപത്രിയില്‍ നീണ്ട ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നിലച്ചു

ഇവിടെ പോസ്റ്റ്‌മോര്‍ട്ടം കേസുകള്‍ ചെയ്തു കൊണ്ടിരുന്ന ഫോറൻസിക് വിദഗ്ദൻ കൂടിയായ ഡോക്ടറെ സ്ഥലം മാറ്റിയതാണ് പ്രശ്‌നമായത്. ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ പൊതു സ്ഥലം മാറ്റം നടന്നു വരികയാണ്.

ഒരു ദിവസം മൂന്നിലധികം പോസ്റ്റ്‌മോര്‍ട്ടം കേസുകള്‍ വരെ ഇവിടെ ചെയ്തിരുന്നു.
മീനച്ചില്‍ താലൂക്കിലെയും പരിസര പ്രദേശങ്ങളിലെയും അപകട മരണങ്ങളില്‍ പെടുന്ന മൃതദേഹങ്ങള്‍ ഇവിടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നതിനാല്‍ ബന്ധുക്കള്‍ക്കും പോലീസ് അധികൃതര്‍ക്കും വളരെ സഹായകരമായിരുന്നു.

മൃതദേഹങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ സൂക്ഷിക്കുന്നതിനായുള്ള ഫ്രീസര്‍ മോര്‍ച്ചറി സൗകര്യവും ഇവിടെ ഉണ്ട്. മൃതദേഹവുമായി മെഡിക്കല്‍ കോളേജിലേക്കുള്ള യാത്ര ചിലവേറിയതും താമസം നേരിടുന്നതുമായ സാഹചര്യത്തിലാണ് മുൻ നഗരസഭാ ചെയര്‍മാൻ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയര്‍മാനായിരുന്ന ബൈജു കൊല്ലംപറമ്ബിലും മുൻകൈയെടുത്ത് ആവശ്യമായ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി പോസ്റ്റ്‌മോര്‍ട്ടം പുനരാരംഭിച്ചത്.

ഏതാനും ആഴ്ച്ചയായി മുടങ്ങിയിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ പുനരാരംഭിക്കണമെന്നും പ്രത്യേക ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്‌സണ്‍ മാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു.