ഭക്ഷ്യ, കൃഷി വകുപ്പ് മന്ത്രിമാരുടെ വാക്കിന് പുല്ല് വില; സംഭരിക്കാതെ മഴയില്‍ കുതിര്‍ന്നു നശിക്കുന്നത് മുപ്പത് ലോഡ് നെല്ല്; തീരാദുരിതത്തിലായി കർഷകർ
സ്വന്തം ലേഖകൻ
കോട്ടയം: വിവിധ പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ല് രണ്ടു ദിവസത്തിനുള്ളില്‍ മില്ല് ഉടമകള്‍ സംഭരിക്കണമെന്ന ഭക്ഷ്യ, കൃഷി വകുപ്പ് മന്ത്രിമാരുടെ നിര്‍ദ്ദേശത്തിന് പുല്ല് വില.
തിരുവാര്‍പ്പ് ജെ ബ്ലോക്ക് തെക്കേബണ്ട് ഭാഗത്ത് മുപ്പത് ലോഡ് നെല്ലാണ് സംഭരിക്കാതെ മഴയില്‍ കുതിര്‍ന്നു നശിക്കുന്നത്. ഉദ്യോഗസ്ഥരോ മില്ലുകളുടെ ഇടനിലക്കാരോ ഇങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഒരാഴ്ചയായി പാടത്ത് കിടക്കുന്ന നെല്ല് നനയാതെ സംരക്ഷിക്കാന്‍ പടുതാ ഇട്ട് മൂടിയെങ്കിലും തോരാമഴയില്‍ വെള്ളത്തിലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രിമാരുടെ വാക്ക് വിശ്വസിച്ച് ഇന്നലെ മില്ലുടമകള്‍ എത്തുമെന്ന് പ്രതീക്ഷിച്ച് കര്‍ഷകര്‍ കാത്തിരുന്നെങ്കിലും ആരും വന്നില്ല. നനവ് കൂടി 30000 ടണ്‍ നെല്ലാണ് ഏതാണ്ട് ഉപയോഗശൂന്യമായത്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കൊയ്ത്തുകഴിഞ്ഞ പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് മഴയില്‍ കുതിര്‍ന്നതോടെ വില പിന്നെയും ഇടിക്കാനായി സംഭരണം നടത്താതെ മില്ലുടമകള്‍ മാറി നില്‍ക്കുകയാണ്.
പാടങ്ങളില്‍ ശേഖരിച്ച നെല്ല് ചുമതലപ്പെടുത്തിയ മില്ലുടമകള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണമായി സംഭരിക്കും. ഇക്കാര്യത്തിലുള്ള അലംഭാവം ഗൗരവമായി കാണും. നെല്ലിന്റെ ഇനം, ഗുണമേന്മ തര്‍ക്കം ഉയര്‍ന്നാല്‍ അടിയന്തരമായി ഇടപെടണമെന്ന് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് കൃഷി മന്ത്രി പി.പ്രസാദും ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലും പറഞ്ഞത്.
യഥാസമയം നെല്ല് സംഭരിക്കുമെന്ന് ഉറപ്പാക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ കമ്മിറ്റി എല്ലാ ദിവസവും കൂടണമെന്നാണ് ജെ. ബ്ലോക്ക് പാടശേഖരത്തിലെ കര്‍ഷകന്‍ പൊന്നപ്പന്‍ പറയുന്നത്.
പാടത്ത് കൂട്ടിയിട്ട നെല്ല് നനഞ്ഞതോടെ കാലിത്തീറ്റക്കു പോലും കൊള്ളില്ലെന്നും തങ്ങള്‍ക്ക് വേണ്ടെന്നും മില്ലുടമകളുടെ ഏജന്റുമാര്‍ പറയും. ഇങ്ങനെ പറഞ്ഞ് വില കുറച്ച് എടുക്കുന്ന നെല്ല് മറ്റ് നെല്ലിനൊപ്പം കലര്‍ത്തി ബ്രാന്‍ഡഡ് അരിയാക്കിയാണ് മില്ലുടമകള്‍ വില്‍ക്കുന്നത്. മില്ലുടമകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് വര്‍ഷങ്ങളായി ഈ കൂട്ടുകച്ചവടം തുടരുകയാണ്. ഇതിന് അറുതി വരുത്താന്‍ ഒരുസര്‍ക്കാരിനും കഴിയുന്നില്ല.