പി.എസ് ശ്രീധരന്‍ പിള്ളയുടെ പേരില്‍ വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം; മുന്നറിയിപ്പുമായി ഗോവ രാജ്ഭവന്‍

പി.എസ് ശ്രീധരന്‍ പിള്ളയുടെ പേരില്‍ വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം; മുന്നറിയിപ്പുമായി ഗോവ രാജ്ഭവന്‍

സ്വന്തം ലേഖകൻ

പനാജി: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ പേരില്‍ വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം.

സംഭവത്തില്‍ മുന്നറിയിപ്പുമായി ഗോവ രാജ്ഭവന്‍ രംഗത്തെത്തി. അജ്ഞാതനായ വ്യക്തി ശ്രീധരന്‍ പിള്ളയുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് പണം ആവശ്യപ്പെട്ട് തട്ടിപ്പിന് ശ്രമം നടത്തിയതിന് പിന്നാലെയാണ് ജാഗ്രത പാലിക്കണമെന്ന രാജ്ഭവന്‍ മുന്നറിയിപ്പ് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ ഓഫീസ് ഗോവ പൊലീസിലും ക്രൈംബ്രാഞ്ചിലും പരാതി നല്‍കിയിട്ടുണ്ടെന്ന് രാജ്ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും ഉന്നത വ്യക്തികള്‍ക്കുമാണ് തട്ടിപ്പുകാര്‍ വാട്സ്‌ആപ്പ് സന്ദേശം അയച്ചത്.

സന്ദേശം ലഭിച്ചവര്‍ പണം അയക്കരുതെന്നും പൊലീസുമായി ബന്ധപ്പെണമെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പേരില്‍ വ്യാജ ഫെയ്സ്‌ബുക്ക് പ്രൊഫൈല്‍ സൃഷ്ടിക്കുകയും സുഹൃത്ത് ലിസ്റ്റിലുള്ള ആളുകളില്‍ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തയാള്‍ അറസ്റ്റിലായിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി വിവിധ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചതായി ഗോവ ക്രൈംബ്രാഞ്ച് പൊലീസ് കണ്ടെത്തിയിരുന്നു.