സഭാസമാധാന ചര്‍ച്ച അട്ടിമറിച്ച് നിയമനിര്‍മ്മാണത്തിനുളള മുറവിളി അപഹാസ്യമെന്ന് മാര്‍ ക്രിസോസ്റ്റമോസ്
സ്വന്തം ലേഖകൻ
കോട്ടയം: മലങ്കര സഭാ പ്രശ്‌നം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയിട്ട് നിയമനിര്‍മ്മാണം വേണമെന്ന് പാത്രിയര്‍ക്കീസ് വിഭാഗം മുറവിളി കൂട്ടുന്നത് അപഹാസ്യമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ.
മുഖ്യമന്ത്രിയുടെയും, ചീഫ് സെക്രട്ടറിയുടെയും അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാരിന്‍റെ നിലപാടിനോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചത്. സഭാ പ്രശ്‌നം പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളിയിട്ടുളളതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുളള ശ്രമം പാത്രിയര്‍ക്കീസ് വിഭാഗം ഉപേക്ഷിക്കണം. ബഹുഭൂരിപക്ഷം വിശ്വാസികളും നിയമസംവിധാനങ്ങള്‍ക്ക് വിധേയമായി സഭയുടെ ഭരണനിര്‍വ്വഹണം നടത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം വിഘടിത വിഭാഗം നേതൃത്വം തിരിച്ചറിയണം.
നിലവിലുളള നിയമങ്ങള്‍ക്ക് വിധേയപ്പെടാത്തവര്‍ പുതിയ നിയമനിര്‍മ്മാണത്തിന് വേണ്ടി വാദിക്കുന്നതിലെ വൈരുദ്ധ്യം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുളളൂ. സുപ്രീം കോടതി വിധിയുടെ പരിധിക്കുളളില്‍ നിന്നുകൊണ്ട് സമാധാനം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ പുതിയ നിയമനിര്‍മ്മാണം എന്ന പേര് പറഞ്ഞ് അട്ടിമറിച്ചവര്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിച്ച് സര്‍ക്കാരിനോട് സഹകരിക്കണം. നിഷേധാത്മകമായ നിലപാടുകള്‍ വിഘടിത വിഭാഗം നിരന്തരം സ്വീകരിക്കുന്ന സാഹചര്യത്തില്‍ ബഹു. സുപ്രീം കോടതി വിധി നടപ്പാക്കി സഭയില്‍ സമാധാനം സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ചര്‍ച്ചകളില്‍ ഇരുവിഭാഗവും സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു.