പോലീസ് പുലി തന്നാടെ…പേരുദോഷത്തിന്റെ പാരമ്യത്തിൽ നിൽക്കുമ്പോഴും കേരളാ പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി .ഓൺലൈൻ തട്ടിപ്പിലൂടെ വൻ തുക കൈക്കലാക്കിയ ജാർഖണ്ഡ് ധൻബാദ് സ്വദേശി അജിത് കുമാർ മണ്ഡലി (22) യെ അതി വിദഗ്ധമായി പൊക്കി പോലീസ്.കഴിഞ്ഞ ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.മലയാളികളെ പറ്റിച്ച അജിത് കുമാറിന് 22ാം വയസിൽ പതിമൂന്ന് ആഡംബര വീടുകൾ, ഏക്കറുകണക്കിന് ഭൂമി,കൽക്കരി ഖനി…പ്രതിയെ മടയിൽ കയറി പൊക്കിയെടുത്ത് കേരള പൊലീസ്…
എസ്ബിഐ അക്കൗണ്ട് ബ്ലോക്കായതിനാൽ കെ വൈ സി വിവരങ്ങൾ ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് കാണിച്ച് ഇരിങ്ങാലക്കുട സ്വദേശിനിക്ക് ഒരു മെസേജ് വന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ എസ് ബി ഐയുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സൈറ്റിലേക്കാണ് പോയത്. തന്റെ വിവരങ്ങളും വെബ്‌സൈറ്റിൽ നൽകി. തുടർന്ന് ഒടിപി വന്നപ്പോൾ അതും നൽകി. ഇതോടെ നാൽപ്പതിനായിരം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്.
പരാതിക്കാരിക്ക് വന്ന ലിങ്കിന്റെ വിവരങ്ങൾ ശേഖരിച്ച് ഒരു വർഷത്തോളം നിരീക്ഷിച്ച ശേഷമാണ് പൊലീസ് അജിത്തെന്ന സൈബർ തട്ടിപ്പുകളുടെ ബുദ്ധി കേന്ദ്രത്തെ അറസ്റ്റ് ചെയ്തത്. പ്രതി അൻപതിലധികം സിമ്മുകളും ഇരുപത്തിയഞ്ചോളം ഫോണുകളും ഉപയോഗിച്ചിരുന്നു. ഇരുപത്തിരണ്ടുകാരനായ പ്രതിക്ക് ബംഗളൂരുവിലും ഡൽഹിയിലുമായി പതിമൂന്ന് ആഡംബര വീടുകളാണ് ഉള്ളത്. ജാർഖണ്ഡിൽ ഏക്കറുകളോളം കൽക്കരി ഖനികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.
സൈബർ കുറ്റകൃത്യങ്ങളിലേറെയും ജാർഖണ്ഡ് കേന്ദ്രീകരിച്ചാണെന്നും ഇവിടത്തെ ഗ്രാമങ്ങളിൽ നിന്നാണ് ഭൂരിഭാഗം തട്ടിപ്പുകളുടെ തുടക്കമെന്നും പൊലീസ്. ഓൺലൈനിലൂടെ ആളുകളെ കബളിപ്പിച്ച് വൻതുകകൾ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയായ ജാർഖണ്ഡിലെ ധൻബാദിലെ അജിത് കുമാർ മണ്ഡലിനെ തൃശൂർ റൂറൽ സൈബർ ക്രൈം ടീം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പ് നടത്തുന്നവർ പ്‌ളസ്ടു വരെ പഠിച്ചിട്ടുള്ളവരാണെങ്കിലും ബി.ടെക് തുടങ്ങിയ ടെക്‌നിക്കൽ കോഴ്‌സുകൾ കഴിഞ്ഞവരാണ് സൂത്രധാരൻമാർ. തട്ടിപ്പിനാവശ്യമായ സാങ്കേതിക കാര്യങ്ങൾക്ക് പരിശീലനം കൊടുക്കുന്നത് ഇവരാണ്. അതിന് കമ്മിഷൻ പറ്റും. തട്ടിപ്പ് നടത്തുന്നവർ അറിയപ്പെടുന്ന പേരാണ് സൈബർ വാലാകൾ. ആഡംബര സൗകര്യങ്ങളിൽ ജീവിക്കുന്ന ഇവരെ ഗ്രാമവാസികൾക്ക് വ്യക്തമായി അറിയാമെങ്കിലും പേടി മൂലം പുറത്ത് പറയാറില്ല.
ഓൺലൈൻ പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രതിയെ പെട്ടെന്ന് പിടികൂടാനായത് ജാർഖണ്ഡിലെ ജില്ലാ പൊലീസ് മേധാവിയായ രേഷ്മ രമേഷ് എന്ന വനിതാ ഐ.പി.എസ് ഓഫീസറുടെ ഇടപെടലിലായിരുന്നു. കണ്ണൂർ തലശ്ശേരി സ്വദേശിയാണ് ജില്ലാ പൊലീസ് മേധാവി രേഷ്മ രമേഷ്. പ്രതികൾക്കായി തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് ടീം തൃശൂരിൽ നിന്ന് പുറപ്പെടുന്ന സമയം തന്നെ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ജാർഖണ്ഡ് ജില്ലാ പൊലീസ് മേധാവിയായ രേഷ്മ രമേഷിനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചിരുന്നു.
രണ്ട് ജില്ലാ പൊലീസ് മേധാവികളുടെ സംയുക്തമായ ഇടപെടൽ അന്വേഷണം ത്വരിതപ്പെടുത്താനും പ്രതിയെ അറസ്റ്റു ചെയ്യുവാനും സഹായകമായി. പ്രശ്‌നബാധിത പ്രദേശമായതിനാൽ അന്വേഷണത്തിന് കേരള പൊലീസിനെ സഹായിക്കാൻ ജാർഖണ്ഡിലെ സൈബർ പൊലീസ് സംഘങ്ങൾ സ്ഥലത്തുണ്ടായിരുന്നു.
22 വയസ്സിനുള്ളിൽ പ്രതിക്ക് ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി പതിമൂന്നോളം ആഡംബര വീടുകളും ധൻബാദിലെ തുണ്ടിയിൽ 4 ഏക്കറോളം സ്ഥലവും സമ്പാദ്യമായുണ്ടായിരുന്നു. ജാർഖണ്ഡിൽ ഏക്കറുകളോളം കൽക്കരി ഖനികളുമുണ്ട്. പ്രതിക്ക് രണ്ട് പേഴ്‌സണൽ ബാങ്ക് അക്കൗണ്ടുകളും വെസ്റ്റ് ബംഗാൾ വിലാസത്തിലുള്ള 12 ഓളം ബാങ്ക് അക്കൗണ്ടുകളുമുണ്ട്.
മേം സൈബർ വാലാ നഹീ ഹും’.
ഓൺലൈൻ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷൻ പിൻതുടർന്ന് ജാർഖണ്ഡിലെ ഗ്രാമപ്രദേശങ്ങളിലെത്തിയ തൃശൂർ റൂറൽ സൈബർ പൊലീസ് അംഗങ്ങൾ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലായി. ചുറ്റും മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള നിബിഡ വനം. ഒറ്റപ്പെട്ട ചെറിയ വീടുകൾ. ചെറിയ വീടുകൾക്കിടയിൽ കാണപ്പെട്ട ആഡംബര വീട് പൊലീസിന് കൗതുകമായി. ആ വീടിന്റെ മുന്നിൽ മറ്റ് ഗ്രാമവാസികളിൽ നിന്ന് വേറിട്ട് ആധുനിക രീതിയിൽ വസ്ത്രം ധരിച്ച് കാണപ്പെട്ട ചെറുപ്പക്കാരനിൽ സംശയം തോന്നുകയും പൊലീസിനോട് എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് ആ ചെറുപ്പക്കാരൻ പറഞ്ഞ മറുപടി ‘മേം സൈബർ വാലാ നഹീ ഹും’ എന്നായിരുന്നു.
പ്രതിയെ പറ്റി ചോദിച്ചപ്പോൾ ഭയന്ന ചെറുപ്പക്കാരൻ ആഡംബര വീട്ടിലേക്ക് വിരൽ ചൂണ്ടി. താനാണ് വീട് കാണിച്ച് തന്നതെന്ന് ആരോടും പറയരുതെന്നും തന്നെ അവർ കൊന്നു കളയുമെന്നും ചെറുപ്പക്കാരൻ പൊലീസിനോട് പറയുകയായിരുന്നു. അങ്ങനെയാണ് പ്രതിയെ കുടുക്കാനായത്.