കോട്ടയം ജില്ലയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം യാഥാർത്ഥ്യമായി ; രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ

കോട്ടയം ജില്ലയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം യാഥാർത്ഥ്യമായി ; രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി ഓൺലൈൻ ക്ലാസുകളുടെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വീടുകളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി പൊതു സംവിധാനങ്ങൾ സജ്ജീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല അറിയിച്ചു.

200 ലൈബ്രറികളിലും 34 അക്ഷയ കേന്ദ്രങ്ങളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളും സബ് സെന്ററുകളും ഉൾപ്പെടെ 57 കേന്ദ്രങ്ങളിലും ഗ്രാമപഞ്ചായത്ത് ഹാളുകളിലും വിദ്യാർഥികൾക്ക് വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ ഫോണോ ടെലിവിഷനോ ഇല്ലാത്ത 39 കുട്ടികളാണ് അവസാന ഘട്ടത്തിൽ
ഉണ്ടായിരുന്നത്. ഇവരുടെ പഠനത്തിനായുള്ള സജ്ജീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേർന്ന് ശനിയാഴ്ച്ചയോടെ പൂർത്തീകരിച്ചിരുന്നു.

വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധ പ്രവർത്തകരും ഇതിൽ പങ്കാളികളായെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ കെ.ജെ പ്രസാദ് പറഞ്ഞു.പൊതു കേന്ദ്രങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സമയബന്ധിതമായി സ്വന്തം വീടുകളിൽ തന്നെ പഠന സൗകര്യം ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശമായി പാലിച്ചുകൊണ്ടായിരിക്കും പഠനത്തിനുള്ള പൊതുസംവിധാനങ്ങൾ പ്രവർത്തിക്കുക. വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ ചാനലിന് പുറമെ വെബ് സ്ട്രീമിംഗ് വഴിയും മൊബൈൽ ആപ്പ് വഴിയും തത്സമയം ലഭിക്കും. ഇതിനു പുറമെ പിന്നീട് യൂട്യൂബ് ചാനലിലും ക്ലാസുകളുടെ വീഡിയോ കാണാം. ടെലിവിഷന് പുറമെ കമ്പ്യൂട്ടർ, ടാബ്, സ്മാർട്ട് ഫോൺ എന്നിവ ഉപയോഗിച്ച് ക്ലാസിൽ പങ്കെടുക്കാനും സാധിക്കും.