ഇ- പോസ് തകരാര്‍; ഓണക്കിറ്റ് വിതരണം ആദ്യദിനം തന്നെ മുടങ്ങി; തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി

ഇ- പോസ് തകരാര്‍; ഓണക്കിറ്റ് വിതരണം ആദ്യദിനം തന്നെ മുടങ്ങി; തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇ പോസ് തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ആദ്യ ദിനം തന്നെ മുടങ്ങി.

സംസ്ഥാനത്തെ മിക്ക റേഷന്‍ കടകളിലും ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമാണ്. കുറേനാളുകളായി ഇ പോസ് മെഷീനുകളുടെ തകരാര്‍ പൊതുവിതണ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ന് രാവിലെ മുതലാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം പലയിടത്തും മെഷീന്‍ പണിമുടക്കിയ അവസ്ഥയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ പോസ് തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി പ്രതികരിച്ചു. ഓണക്കിറ്റ് വിതരണം തടസപ്പെടില്ല. അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു.

എല്ലാ കാര്‍ഡ് ഉടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്നുതന്നെ ഭക്ഷ്യക്കിറ്റ് കൈപ്പറ്റണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇന്നും നാളെയും മഞ്ഞക്കാര്‍ഡുകാര്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുകയെന്നാണ് അറിയിച്ചിരുന്നത്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓണക്കിറ്റ്.

25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുകള്‍ക്കും 29,30,31 തീയതികളില്‍ നീല കാര്‍ഡുകള്‍ക്കും സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താല്‍ ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളില്‍ ഭക്ഷ്യക്കിറ്റ് കൈപ്പറ്റാന്‍ അവസരമുണ്ട്.

സര്‍ക്കാര്‍ അംഗീകൃത ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഭക്ഷ്യകിറ്റുകള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വാതില്‍പടി വിതരണ രീതിയില്‍ നേരിട്ടെത്തിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒരുപോലെ സംയോജിപ്പിച്ച്‌ നവകേരളം പടുത്തുയര്‍ത്താനാണ് കേരളം ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറ‌ഞ്ഞു. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ രണ്ട് വര്‍ഷംകൊണ്ട് 9,746 കോടി രൂപ സര്‍ക്കാര്‍ ചെലവിട്ടു. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോര്‍പ്പറേറ്റുകള്‍ അല്ലാത്ത ബദല്‍ ഇവിടെയുണ്ടെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.