ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന കേന്ദ്രം പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട് ; എന്നാൽ കുടുംബ വീട്ടിൽ താമസിക്കുന്നത് സഹോദരൻ അലക്‌സ് ചാണ്ടി; സഹോദരി വത്സ തൊട്ടടുത്തും; കുടുംബ വിഹിതമായി കിട്ടിയ ഒരേക്കർ സ്ഥലത്ത് പുതിയ വീട് പണി തുടങ്ങിയെങ്കിലും രോഗവും ചികിത്സയുമൊക്കെയായി പണി പൂർത്തിയാക്കാൻ കഴിയാതെവന്നു; പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കി വെച്ച് കുഞ്ഞൂഞ്ഞ് പുതുപ്പള്ളിക്കാരോട് യാത്ര പറയുമ്പോൾ !
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി വച്ചാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്. പുതുപ്പള്ളിയിൽ എത്തുന്ന എല്ലാ ഞായറാഴ്ചയും കരോട്ട് വള്ളക്കാലിൽ തറവാട് വീട് കേന്ദ്രീകരിച്ചായിരുന്നു സന്ദർശകരെ കണ്ടിരുന്നത്. ഏറെ കാലത്തിന് ശേഷമാണ് സ്വന്തം നാട്ടിൽ വീടുവെക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്. കുടുംബ വിഹിതമായി കിട്ടിയ ഒരേക്കർ സ്ഥലത്താണ് പുതിയ വീട് പണിയാൻ ഒരുങ്ങിയത്. പുതുപ്പള്ളി ജംഗ്ഷനിൽ കറുകച്ചാൽ റോഡിന് ചേർന്നു തന്നെയുള്ള പുരയിടത്തിലാണ് വീട് പണി പദ്ധതിയിട്ടത്.
വീടുപണി യെക്കുറിച്ച് ഉമ്മൻ ചാണ്ടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘ഏറെ കാലമായി ഉള്ള ആഗ്രഹം ആണ് ഇപ്പോൾ നടത്തുന്നത്. പക്ഷെ നിങ്ങൾ കരുതുന്ന പോലെ ഒരു വീട് അല്ല. പുതുപ്പള്ളിയിൽ വരുമ്പോൾ കിടക്കാൻ ഒരു വീട് എന്നത് മാത്രം ആണ് ഉദ്ദേശിക്കുന്നത്. ഉടൻ തന്നെ വീട് പണി തുടങ്ങും’ എന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ സ്ഥിര താമസം ആക്കുന്നതിന് ഉള്ള നീക്കത്തിന്റെ ഭാഗം ആണോ എന്ന ചോദ്യത്തിന് സ്ഥിരമായി ഇവിടെ തന്നെ ഉണ്ടല്ലോ എന്നായിരുന്നു മറുപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളിയിൽ അദ്ദേഹം നിർമ്മിക്കുന്ന വീടിന് ഒരു വർഷം മുമ്പാണ് തറക്കല്ലിട്ടത്. രോഗവും ചികിത്സയുമൊക്കെയായി ബംഗളുരുവിൽ ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് സമയക്കുറവ് മൂലം പണി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. വീടിന്റെ പണി മന്ദഗതിയിലാണ്. തറവാട്ടു വീട്ടിലായിരുന്നു അദ്ദേഹം ആൾക്കാരെ കണ്ടിരുന്നത്.
നേരത്തെ മുതൽ എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട് ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന കേന്ദ്രം. എന്നാൽ ഈ വീട്ടിൽ അദ്ദേഹം രാത്രി കഴിഞ്ഞിരുന്നില്ല. പകരം നാട്ടകം സർക്കാർ ഗസ്റ്റ് ഹൗസിൽ ആയിരുന്നു താമസം. കരോട്ട് വള്ളക്കാലിൽ വീട്ടിൽ അദ്ദേഹത്തിന്റെ സഹോദരൻ അലക്‌സ് ചാണ്ടി ആണ് താമസിക്കുന്നത്. സഹോദരി വത്സ തൊട്ടടുത്ത് തന്നെ ഉണ്ട്. ഇത് വരെ തറവാട് വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിനാൽ ഉമ്മൻ ചാണ്ടിക്ക് മണ്ഡലത്തിൽ ഓഫീസും ഉണ്ടായിരുന്നില്ല. പുതിയ വീടിനോട് ചേർന്ന് ഓഫീസും നിർമ്മിക്കാനായിരുന്നു ആലോചന.
അതായത് പുതിയ വീട് വരുന്നതോടെ കരോട്ട് വള്ളക്കാലിൽ വീട്ടിലെ ജനക്കൂട്ടത്തിന്റെ കാഴ്ച പുതിയ വീട്ടിലേക്ക് മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. പുതിയ വീടു യാഥാർത്ഥ്യമാകും മുമ്പേ ഉമ്മൻ ചാണ്ടി മടങ്ങി. ആ പഴയ വീട്ടിലേക്ക് തന്നെ ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും എത്തും. അവിടെ നാട്ടുകാർ ഉമ്മൻ ചാണ്ടിയെ കാണാൻ ഒഴികിയെത്തും. മരണ വാർത്ത അറിഞ്ഞ് പുതുപ്പള്ളിക്കാർ ഓടിയെത്തിയതും ഈ കുടുംബ വീട്ടിലേക്കാണ്. കണ്ണ് തുടയ്ക്കുകയാണ് അവിടെയുള്ള എല്ലാവരും. ആർക്കും ആ വാർത്ത ഉൾക്കൊള്ളാകുന്നില്ല. ഇനി പുതുപ്പള്ളിക്കാർക്ക് കുടുംബ നാഥൻ ഇല്ലാത്ത അവസ്ഥ.