ഒ.എൽ.എക്‌സിൽ കാറിട്ടാൽ ഓൺ ദ സ്‌പോട്ട് തീവ്രവാദികൾക്ക്: തമിഴ്‌നാട്ടിലെ തീവ്രവാദികളുടെ പക്കലെത്തിയ വാടകകാറുകളിൽ ഏറെയും ഒ.എൽ.എക്‌സിൽ നിന്നും; ഓൺലൈനിന്റെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ്
ക്രൈം ഡെസ്‌ക്
കോട്ടയം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തമിഴ്‌നാട്ടിലെ തീവ്രവാദി സംഘങ്ങൾക്ക് എത്തിച്ചു നൽകിയ കാറുകളിൽ ഏറെയും പ്രതികൾ കണ്ടെത്തിയത്, സോഷ്യൽ മീഡിയ വിൽക്കൽ വാങ്ങൽ സൈറ്റായ ഒ.എൽ.എക്‌സിൽ നിന്നും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി ഇതുവരെ നൂറിലേറെ ആഡംബര കാറുകളാണ് പ്രതികൾ തട്ടിയെടുത്തിരിക്കുന്നത്. ഇതിൽ എഴുപതിന് മുകളിൽ കാറുകളും പ്രതികളുടെ കണ്ണിൽപ്പെട്ടത് ഓ.എൽ.എക്‌സിൽ നിന്നാണ്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതി തൊപ്പി റഫീഖ് എന്ന മുഹമ്മദ് റഫീഖ്, തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ അബുവിന്റെ മകൻ കെ.എ നിഷാദ് (37) എന്നിവരെ ആദ്യ ഘട്ടത്തിൽ തന്നെ ചോദ്യം ചെയ്തപ്പോഴാണ് ഒ.എൽ.എക്‌സ് വഴിയാണ് കാറുകൾ കണ്ടെത്തിയതെന്ന് ഇവർ വ്യക്തമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ 11 കാറുകളാണ് സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ നി്ന്നായി തട്ടിയെടുത്ത് തീവ്രവാദികൾക്കു കൈമാറിയത്. ഇന്നോവ അടക്കമുള്ള ആഡംബര കാറുകളായിരുന്നു പ്രതികൾ തട്ടിയെടുത്തത് എല്ലാം. ഇതെല്ലാം റെന്റ് എ കാർ ബിസിനസിനായി ഓ.എൽ.എക്‌സ് എന്ന സോഷ്യൽ മീഡിയ സൈറ്റിൽ നൽകിയിരുന്നതാണ്. ഓ.എൽ.എക്‌സിൽ കാറുകൾ വിൽക്കാനുണ്ടെന്ന് കണ്ടാണ് പ്രതികൾ ഉടമസ്ഥരെ സമീപിച്ചത്.
രണ്ടോ മൂന്നോ മാസത്തേയ്‌ക്കെന്ന പേരിലാണ് ഇവർ ഉടമകളെ സമീപിച്ച് കാർ വാടയ്ക്ക് എടുക്കാൻ ആവശ്യപ്പെടുന്നത്. കാർ വാടകയ്ക്ക് എടുത്ത ശേഷം 25,000 മോ, അൻപതിനായിരമോ രൂപ പലരും അഡ്വാൻസ് ആയി നൽകും. ഈ തുക ലഭിക്കുന്നതോടെ പലരും തിരിച്ചറിയൽ രേഖ പോലും നൽകാതെ വാഹനം നൽകും. വാഹനം കൊണ്ടു പോയി ഒരു മാസം കഴിഞ്ഞിട്ടും വാടകയും വിവരവുമില്ലാതെ വരുന്നതോടെയാണ് പലരും കാറിന്റെ വിവരം തേടി വിളിക്കുന്നത്. ഈ സമയം പ്രതികൾ തട്ടിക്കൊണ്ടു പോയ ഫോൺ നമ്പർ സ്വിച്ച് ഓഫ് ആയിരിക്കും. തുടർന്ന്, കാർ കണ്ടെത്താനാവാതെ വരുന്നതോടെ പൊലീസിനെ സമീപിക്കും.
അപ്പോഴേയ്ക്കും കാറും കാർ കൊണ്ടു പോയവരും തീവ്രവാദികളുടെ പക്കൽ സുരക്ഷിതമായി എത്തിച്ചേർന്നിരിക്കും.