play-sharp-fill
പി.എസ്.സിയും തട്ടിപ്പു കേന്ദ്രമായി മാറുന്നു: പരീക്ഷ നടത്തേണ്ട ഉദ്യോഗസ്ഥർ സ്വകാര്യ പരിശീലന കേന്ദ്രം നടത്തുന്നു; ചോദ്യവും ഉത്തരവും ചോദ്യപേപ്പറിൽ എത്തും മുൻപ് വാട്‌സപ്പിൽ; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ സർക്കാർ ഉദ്യോഗസ്ഥർ കുടുങ്ങി

പി.എസ്.സിയും തട്ടിപ്പു കേന്ദ്രമായി മാറുന്നു: പരീക്ഷ നടത്തേണ്ട ഉദ്യോഗസ്ഥർ സ്വകാര്യ പരിശീലന കേന്ദ്രം നടത്തുന്നു; ചോദ്യവും ഉത്തരവും ചോദ്യപേപ്പറിൽ എത്തും മുൻപ് വാട്‌സപ്പിൽ; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ സർക്കാർ ഉദ്യോഗസ്ഥർ കുടുങ്ങി

എസ്.ജഗന്നാഥൻ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികൾ പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ കയറിക്കൂടിയ തട്ടിപ്പിനു പിന്നാലെ, പി.എസ്.സിയുടെ വിശ്വാസ്യത തന്നെ തുലാസിലാക്കിയ വമ്പൻ തട്ടിപ്പിന്റെ വാർത്തകൾ പുറത്തു വരുന്നു. പി.എസി.യും തട്ടിപ്പ് കമ്പനിക്കാരുടെ പറ്റുബുക്കിൽ ഇടം പിടിച്ചതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പി.എസ്.സിയിൽ ജോലി ചെയ്യുമ്പോൾ തന്നെ പുറത്ത് കോച്ചിംങ് സെന്റർ നടത്തുകയും, ചോദ്യപേപ്പറിൽ കയറും മുൻപ് തന്നെ ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്അപ്പിൽ ചോർത്തിക്കൊടുക്കുകയും ചെയ്യുന്നതായുള്ള ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തെത്തുന്നത്.


ആരോപണം വിവാദമാകുകയും, സർക്കാർ ഇടപെട്ട് ഉദ്യോഗസ്ഥർ സ്വകാര്യ കോച്ചിംങ് നടത്തുന്നത് വിലക്കുകയും ചെയ്തതിനു പിന്നാലെ വിജിലൻസ് നടത്തിയ റെയ്ഡിൽ സ്വകാര്യ പഠനകേന്ദ്രത്തിൽ പരിശീലനം നൽകിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥൻ അകത്തായി. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ഷിബുവിന്റെ ഭാര്യയുടെ പേരിൽ നടത്തിയിരുന്ന വീറ്റോ എന്ന പഠന കേന്ദ്രത്തിൽ ക്ലാസെടുത്തുകൊണ്ടിരുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെയാണ് കയ്യോടെ വിജിലൻസ് പൊക്കിയത്. അവധിയെടുക്കാതെ, അനുവാദമില്ലാതെയാണ് ഇദ്ദേഹം ക്ലാസ് എടുത്തതെങ്കിൽ ഉറപ്പായും ഈ ഉദ്യോഗസ്ഥന്റെ ജോലി തെറിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ പി.എസ്.സി കോച്ചിംങ് സെന്റർ നടത്തുന്നതായുള്ള പരാതി ലഭിച്ചതോടെ പി എസ് സി കോച്ചിങ് സെന്റർ നടത്തുന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപെട്ടു പൊതുഭരണ സെക്രട്ടറിക്ക് പി എസ് സി കത്ത് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ നടത്തുന്ന കോച്ചിങ് സെന്ററുകൾ പരീക്ഷകളിൽ അട്ടിമറിനടത്താനും ഇത് പി എസ് സി യുടെ വിശ്വാസ്യത തകർക്കുമെന്നും ചൂണ്ടിക്കാട്ടി ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ കഴിഞ്ഞ ദിവസമാണ് പരാതിയുമായി രംഗത്ത് എത്തിയത്.

അതിനിടെ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം തുടങ്ങി. വിജിലൻസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൂന്ന് സ്ഥാപനങ്ങൾക്കെതിരെയാണ് അന്വേഷണം. വിജിലൻസിന്റെ സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ട് ഡിവൈഎസ്പി പ്രസാദാണ് കേസ് അന്വേഷിക്കുക. തിരുവനന്തപുരത്തെ കരിയർ, ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് അന്വേഷണം. ഇത് മൂന്നും നടത്തുന്നത് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനാണെന്നും, ഇതിൽ പഠിപ്പിക്കുന്നവരെല്ലാം സർക്കാർ ഉദ്യോഗസ്ഥരാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

കരിയറിന് തിരുവനന്തപുരത്തും ആറ്റിങ്ങലിലും കേന്ദ്രങ്ങളുണ്ട്. ഇതിന് പിന്നിൽ പൊതുഭരണ വകുപ്പിലെ സെക്ഷൻ ഓഫീസർ തുളസിയാണ്. തുളസിയുടെ ഭാര്യ സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറിയാണ്. ലക്ഷ്യയ്ക്ക് ചാലശക്തിയായി നിൽക്കുന്നത് സെക്രട്ടറിയേറ്റിലെ പൊതു ഭരണ വകുപ്പിൽ അസിസ്റ്റന്റായ ഷിബുവും. വീറ്റോയ്ക്ക് പിന്നിൽ പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി രഞ്ജൻ രാജും. ഇതിൽ തുളസി അവധിയിലാണ്. ബാക്കിയെല്ലാവരും സർവ്വീസിൽ തുടരുന്നതായാണ് വിജിലൻസിന് കിട്ടുന്ന വിവരങ്ങൾ.

ഈ സാഹചര്യത്തിലാണ് വിജിലൻസ് ഇടപെടൽ.
പി എസ് സി പരീക്ഷാ കോച്ചിങ് സെന്ററായ ബ്രില്യൻസിനും സെക്രട്ടറിയേറ്റുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ ഇത് അന്വേഷണ വിധേയമല്ല. പി എസ് സി യുടെ ചോദ്യപേപ്പറുകൾ കൈകാര്യം ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള സെക്ഷനുകളിൽ ജോലി ചെയ്യുന്നവരുമായി ഇത്തരം കോച്ചിങ് സെന്ററുകൾ നടത്തുന്ന ഉദ്യോഗസ്ഥർക്കു ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു.

തലസ്ഥാനത്തെ രണ്ടു കോച്ചിങ് സെന്ററുകളുടെ പേരും ഇത് നടത്തുന്ന പൊതുഭരണ വകുപ്പിലെ രണ്ടുപേരുടെ പേരുകളും ചേർത്താണ് ഇവർ പി എസ് സി ക്കു പരാതി നൽകിയിരിക്കുന്നത്. ഇതോടെ സർക്കാർ ജീവനക്കാരുടെ പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്സി കമ്മീഷനും പൊലീസിനെ സമീപിക്കുകയായിരുന്നു.

സെക്രട്ടറിയേറ്റ് ജോലിക്കാരായ ഇവർ തങ്ങളുടെ സ്വാധീനമുപയോഗിച്ചു ചോദ്യപേപ്പർ തയാറാക്കുന്ന സെക്ഷനുകളിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടാറുണ്ട് എന്നും പി എസ് സി യുടെ വിശ്വാസ്യതയെ തന്നെ ഇത് ബാധിക്കുമെന്നും വരാനിരിക്കുന്ന പരീക്ഷകളിൽ അട്ടിമറിക്കു സാധ്യത ഉണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പരാതി ലഭിച്ച ഉടൻതന്നെ പി എസ് സി സെക്രട്ടറി പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതി ലാലിനു അന്വേഷണം ആവശ്യപ്പെട്ടു കത്ത് നൽകി . പരാതി ലഭിച്ചതിനെ തുടർന്ന് ആരോപണ വിധേയരായ രണ്ടു ഉദ്യോഗസ്ഥർക്കും പൊതുഭരണ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.