play-sharp-fill
ആദ്യം രസത്തിന്, പിന്നെ അടിമ, ഒടുവില്‍ മറ്റാരൊക്കെയോ കീ കൊടുക്കുന്നതിനനുസരിച്ച തുള്ളുന്ന പാവകള്‍; ക്യാരിയര്‍മാരായും ചെറുകിട വിതരണക്കാരായും ഫീല്‍ഡിലുള്ളത് 17-25 പ്രായപരിധിയിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും; കോട്ടയത്ത് ഒരാഴ്ചയ്ക്കുള്ളില്‍ എംഡിഎംഎയുമായി പിടിയിലായ യുവാക്കള്‍ പൊലീസിനോട് പറഞ്ഞത് ലഹരിയുടെ അറിയാക്കഥകള്‍; അക്ഷരനഗരി ലഹരിനഗരിയാകുമ്പോള്‍..!

ആദ്യം രസത്തിന്, പിന്നെ അടിമ, ഒടുവില്‍ മറ്റാരൊക്കെയോ കീ കൊടുക്കുന്നതിനനുസരിച്ച തുള്ളുന്ന പാവകള്‍; ക്യാരിയര്‍മാരായും ചെറുകിട വിതരണക്കാരായും ഫീല്‍ഡിലുള്ളത് 17-25 പ്രായപരിധിയിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും; കോട്ടയത്ത് ഒരാഴ്ചയ്ക്കുള്ളില്‍ എംഡിഎംഎയുമായി പിടിയിലായ യുവാക്കള്‍ പൊലീസിനോട് പറഞ്ഞത് ലഹരിയുടെ അറിയാക്കഥകള്‍; അക്ഷരനഗരി ലഹരിനഗരിയാകുമ്പോള്‍..!

സ്വന്തം ലേഖകന്‍

കോട്ടയം: നഗരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന എംഡിഎംഎ വേട്ടയില്‍ പിടിയിലാകുന്നത് കൗമാരക്കാരും യുവാക്കളും എന്ന വസ്തുത വിരല്‍ചൂണ്ടുന്നത് നഗരത്തിന്റെ ഇരുണ്ടമുഖത്തേക്ക്. ഏതാനും ദിവസം മുന്‍പ് ബേക്കര്‍ ജംഗ്ഷനില്‍ നിന്ന് എംഡിഎംഎയുമായി 25 വയസുകാരന്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ഇന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വോഡ് അംഗങ്ങല്‍ 19കാരനെ പൂട്ടിയത്. പൊന്‍കുന്നം, മുണ്ടതക്കയം ഭാഗങ്ങളിലെ കേസുകള്‍ പിടിച്ച് ഒരുമാസം പോലും പിന്നിടുന്നതിന് മുന്‍പാണ് നഗരമധ്യത്തില്‍ വരെ ലഹരിയുമായി യൗവനങ്ങള്‍ അലഞ്ഞ് തിരിയുന്നത്.

മൈസൂരില്‍ റേഡിയോളജി വിദ്യാര്‍ത്ഥിയായ കോട്ടയം വാരിശേരി സ്വദേശി ബിച്ചു ജെ.എബ്രഹാമിന്റെ അറസ്‌റ്റോടെ ലഹരിമാഫിയയുടെ പുതിയ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ബംഗളൂരുവില്‍ നിന്നും വാങ്ങി നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് പിടികൂടിയത്. കാഞ്ഞിരം ചുങ്കത്തില്‍ വീട്ടില്‍ അക്ഷയ് സി.അജിയെയാണ് ഏതാനും ദിവസം മുന്‍പ് ബേക്കര്‍ ജംഗ്ഷനില്‍ വച്ച് ഒരു ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎയുമായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ജില്ലയിലെ യുവാക്കള്‍ക്കും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയായിരുന്നു അക്ഷയ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പൊന്‍കുന്നത്ത് വില്‍പ്പനയ്‌ക്കെത്തിച്ച എംഡിഎംയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിലായത് രണ്ടാഴ്ച മുന്‍പാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ എന്‍ജിനിയറിങ് ബിരുദധാരിയാണ്. കാഞ്ഞിരപ്പളളി കോരുത്തോട് സ്വദേശി അരുണ്‍ ജോണ്‍, അനന്തു കെ ബാബു, ജിഷ്ണു സാബു എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ഒന്നും രണ്ടും പ്രതികളായ അരുണിനും അനന്തുവിനും ഇരുപത്തി രണ്ടു വയസു മാത്രമാണ് പ്രായം.രണ്ടര ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ഒപ്പം കഞ്ചാവും പിടിച്ചെടുത്തു. അനന്തു എന്‍ജിനിയറിങ് ബിരുദധാരിയാണ്.

വിദ്യാര്‍ത്ഥികളില്‍ പലരും കൂട്ടുകാരുടെ മുന്നില്‍ ആളാകാനും ലഹരി എന്താണെന്നറിയാനുള്ള കൗതുകത്തിന്റെ പുറത്തുമാണ് ആദ്യം എംഡിഎംഎ പോലെയുള്ള സിന്തറ്റിക് ഡ്രഗുകള്‍ ഉപയോഗിക്കുന്നത്. രസം പിടിച്ചുകഴിഞ്ഞാല്‍ ലഹരി തേടി യാത്ര തുടങ്ങും. ഇത് പലപ്പോഴും അവസാനിക്കുന്നത് നഗരത്തിലെ പ്രധാന ലഹരിമാഫിയയുടെ പക്കലാവും. കുട്ടികളെ എങ്ങനെ ഉപയോഗിക്കണമെന്ന് കൃത്യമായ ധാരണ ഇവര്‍ക്കുണ്ട്.
കുട്ടികളെ മയക്കുമരുന്നിന് അടിമളാക്കി കഴിഞ്ഞാല്‍ പിന്നെ വിതരണക്കാരന്റെയും കാരിയറുടെയും കുപ്പായമണിയാന്‍ കുട്ടികളെ നിര്‍ബന്ധിക്കും. പണത്തിന് വഴങ്ങിയില്ലെങ്കില്‍ പിന്നെ ഭീഷണിയുടെ സ്വരം ഇറക്കും. ചെറിയ റിസ്‌കില്‍ വലിയ സാമ്പത്തിക നേട്ടം കിട്ടി തുടങ്ങുമ്പോള്‍ യുവാക്കള്‍ വീടും പഠനവും ഭാവിയും ഉപേക്ഷിച്ച് ലഹരിമാഫിയയുടെ കയ്യിലെ കളിപ്പാവകളാകും. ലഹരിക്കേസുകളില്‍ പിടിയിലാകുന്ന പല യുവാക്കളും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്.

ആണ്‍കുട്ടികള്‍ മാത്രമല്ല ലഹരിക്കേസുകളില്‍ പിടിക്കപ്പെടുന്നത്. 17നും 25നും ഇടയ്ക്ക് പ്രായമുള്ള ധാരാളം പെണ്‍കുട്ടികളും ഈ രംഗത്ത് സജീവമാണ്. പലരും മറ്റ് നഗരങ്ങളില്‍ താമസിക്കുന്നതിനാല്‍ നാട്ടുകാരെയോ വീട്ടുകാരെയോ പറ്റി ടെന്‍ഷനുമില്ല. വിദ്യാഭ്യാസം പൂര്‍ത്തിയാക്കും മുന്‍പേ ലഹരിക്കേസിലെ പ്രതി എന്ന ലേബല്‍ ചാര്‍ത്തിക്കിട്ടുന്നതോടെ ഭാവി ഇരുളടയും.

കോട്ടയം നഗരത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ലഹരിക്കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. പിടിയിലായവരില്‍ പകുതിയും കൗമാരക്കാരാണെന്ന യാഥാര്‍ത്ഥ്യം പൊലീസിനെയും കുഴപ്പിക്കുന്നുണ്ട്. അക്ഷര നഗരിയെന്ന് പുകള്‍പെറ്റ നാട് ഇപ്പോള്‍ ലഹരിവിഷയത്തില്‍ കൊച്ചിയെ കടത്തിവെട്ടുകയാണ്. അക്ഷരനഗരി ലഹരിനഗരിയാകാന്‍ വലിയ താമസമില്ലെന്ന് സാരം.