സുനീഷയുടെ ആത്മഹത്യ;  വിജീഷിന്റെ മാതാപിതാക്കൾക്കെതിരെയും കേസ്; ചുമത്തിയിരിക്കുന്നത് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ

സുനീഷയുടെ ആത്മഹത്യ; വിജീഷിന്റെ മാതാപിതാക്കൾക്കെതിരെയും കേസ്; ചുമത്തിയിരിക്കുന്നത് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ

സ്വന്തം ലേഖകൻ

കണ്ണൂർ: പയ്യന്നൂർ സ്വദേശി സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിൻറെ മാതാപിതാക്കളെ കൂടി കേസിൽ പ്രതി ചേർത്തു. വിജീഷൻറെ അച്ഛൻ രവീന്ദ്രൻ, അമ്മ പൊന്നു എന്നിവർക്കെതിരെ ആണ് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

ഭർത്താവിൻറെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് മാതാപിതാക്കളെ കൂടി പ്രതി ചേർത്തത്. കേസിൽ പ്രതി ചേർത്തെങ്കിലും ഇരുവരെയും ഇപ്പോൾ അറസ്റ്റ് ചെയ്യില്ല. വിജീഷിൻറെ അമ്മ കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ വീട്ടിൽ ക്വാറൻറൈനിലും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജീഷിൻറെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 29 ന് ഭർതൃവീട്ടിലെ ശുചിമുറിയിലാണ് സുനിഷ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരവർഷം മുമ്പായിരുന്നു പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു.

ഭർത്താവിൻറെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് കഴിഞ്ഞ ദിവസം ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്.

തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.