നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ രണ്ടാംഘട്ട അഭിമുഖം സമാപിച്ചു; ചുരുക്കപ്പട്ടിക നവംബര്‍ 20ന്
സ്വന്തം ലേഖിക
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരമുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന്റെ രണ്ടാംഘട്ട അഭിമുഖം സമാപിച്ചു.
634 പേരാണ് അഭിമുഖത്തിനെത്തിയത്. ഇവരില്‍നിന്നുള്ള 350 പേരുടെ ചുരുക്കപ്പട്ടിക നവംബര്‍ 20 ന് പ്രസിദ്ധീകരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയിലെയും ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്താണ് ഇന്റര്‍വ്യൂ നടത്തിയത്. നവംബര്‍ രണ്ട് മുതല്‍ 11 വരെ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലായിരുന്നു അഭിമുഖം.
ചരുക്കപ്പട്ടികയില്‍ നിന്നുള്ള 300 നഴ്‌സുമാര്‍ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും വച്ച് ജര്‍മ്മന്‍ ഭാഷയില്‍ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കും. ഇതിന് ശേഷമായിരിക്കും ഇവരെ ജര്‍മ്മനിയിലേക്ക് അയയ്ക്കുക. ജര്‍മ്മനിയില്‍ എത്തിയ ശേഷവും ഭാഷാപരിശീലനവും തൊഴില്‍ സാഹചര്യവുമായി ഇണങ്ങിചേര്‍ന്ന് ജര്‍മ്മന്‍ രജിസ്‌ടേഷന്‍ നേടാനുള്ള പരിശീലനവും സൗജന്യമായി അവര്‍ക്ക് ലഭിക്കും.
ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവും ഇതോടൊപ്പം നടന്നു. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി1, ബി2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള 15 ഉദ്യോഗാര്‍ഥികള്‍ ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ജര്‍മ്മനിയിലേക്ക് യാത്ര തിരിക്കാന്‍ കഴിയും.
കൂടാതെ, ട്രിപ്പിള്‍ വിന്‍ ഹോസ്‍പിറ്റാലിറ്റി പ്രോജക്‌ട് ഉടന്‍ നിലവില്‍ വരുന്നതാണെന്നും ഇതുവഴി ഹോട്ടല്‍ മാനേജ്‍മെന്റ് ടൂറിസം മേഖലകളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരം ഒരുക്കുമെന്നും നോര്‍ക്ക സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും നോര്‍ക്ക-റൂട്ട്‌സും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.