നാമനിർദേശ പത്രിയ്‌ക്കൊപ്പം മതിയായ രേഖകൾ സമർപ്പിച്ചില്ല: എന്നിട്ടും നഗരസഭയുടെ 23 ആം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചതായി പരാതി; പത്രിക സ്വീകരിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അപരയുടെ പത്രിക

നാമനിർദേശ പത്രിയ്‌ക്കൊപ്പം മതിയായ രേഖകൾ സമർപ്പിച്ചില്ല: എന്നിട്ടും നഗരസഭയുടെ 23 ആം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചതായി പരാതി; പത്രിക സ്വീകരിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അപരയുടെ പത്രിക

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാമനിർദേശ പത്രികയ്‌ക്കൊപ്പം മതിയായ രേഖകൾ സമർപ്പിക്കാതിരുന്നിട്ടും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അപരയുടെ പത്രിക സ്വീകരിച്ചതായി പരാതി. കോട്ടയം നഗരസഭയിലെ 23 ആം വാർഡിൽ മത്സരിക്കുന്ന മുൻ നഗരസഭ ഉപാദ്ധ്യക്ഷ ജാൻസി ജേക്കബിനെതിരെ അപരയായി മത്സരിക്കുന്ന ജാൻസിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചതിനെച്ചൊല്ലിയാണ് പരാതി ഉയർന്നിരിക്കുന്നത്.

നഗരസഭയിലെ 23 ആം വാർഡിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ജാൻസി ജേക്കബ് മത്സരിക്കുന്നത്. ഇവർ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഇതിനിടെയാണ് ഈ വാർഡിൽ സ്ഥാനാർത്ഥിയായി മറ്റൊരു ജാൻസി രംഗത്തിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപരയായി മത്സരിക്കുന്ന ജാൻസി കൊവിഡ് രോഗിയാണ് എന്ന വാദമാണ് ഉയർത്തിയത്. ഇവർക്കു വേണ്ടി മറ്റൊരാൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. എന്നാൽ, നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിക്കേണ്ട സത്യപ്രസ്താവനയും, കൊവിഡ് രോഗിയാണ് എന്ന സർട്ടിഫിക്കറ്റും ഇവർ സമർപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഈ സർട്ടിഫിക്കറ്റ് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടത്തിയ ശനിയാഴ്ചയാണ് സമർപ്പിച്ചത്.

ഇതേച്ചൊല്ലി കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകർ തർക്കം ഉന്നയിച്ചതോടെ ഇവരുടെ നാമനിർദേശ പത്രിക സ്വീകരിക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു. എന്നാൽ, നാമനിർദേശ പത്രിക പിന്നീട് സ്വീകരിച്ചതായി വരണാധികാരിയും അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ നിലവിലിരിക്കുന്നതിനാൽ സ്ഥാനാർത്ഥികൾക്കു പത്രിക സമർപ്പിക്കുന്നതിനു ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്ന വാദമാണ് വരണാധികാരി ഉയർത്തുന്നത്. എന്നാൽ, ഇലക്ഷൻ ചട്ടപ്രകാരം രേഖകൾ ഒരുമിച്ച് സമർപ്പിച്ചെങ്കിൽ മാത്രമേ പത്രിക സ്വീകരിക്കാവൂ. ഇത് ലംഘിച്ചാണ് ഇപ്പോൾ പത്രിക സ്വീകരിച്ചിരിക്കുന്നതെന്നാണ് പരാതി.ഇതിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി കോടതിയെ സമീപിച്ചിട്ടുണ്ട്