നിയമസഭ സംഘര്‍ഷത്തില്‍ തുടര്‍നടപടിയുമായി പൊലീസ്; എംഎല്‍എമാരുടെ മൊഴിയെടുക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് കത്ത്; മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിൻ്റെയും കൂടിക്കാഴ്ചയുടെ പുരോഗതി നോക്കിയാകും നടപടി

നിയമസഭ സംഘര്‍ഷത്തില്‍ തുടര്‍നടപടിയുമായി പൊലീസ്; എംഎല്‍എമാരുടെ മൊഴിയെടുക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് കത്ത്; മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിൻ്റെയും കൂടിക്കാഴ്ചയുടെ പുരോഗതി നോക്കിയാകും നടപടി

സ്വന്തം ലേഖിക

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷത്തില്‍ മഹസ്സര്‍ തയ്യാറാക്കാനും എംഎല്‍എമാരുടെ മൊഴിയെടുക്കാനും അനുമതി തേടി നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി പൊലീസ്.

തര്‍ക്കം തീര്‍ക്കാന്‍ നാളെ നടക്കാനിരിക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലെ കൂടിക്കാഴ്ചയുടെ പുരോഗതി നോക്കിയാകും സ്പീക്കറുടെ ഓഫീസിന്‍റെ തുടര്‍ നടപടി. അതിനിടെ സച്ചിന്‍ദേവിനെതിരായ കെകെ രമയുടെ പരാതിയില്‍ സൈബര്‍ പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തിലെ തുടര്‍നടപടിക്കാണ് മ്യൂസിയം പൊലീസ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്. സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസ്സര്‍ തയ്യാറാക്കണമെന്നാണ് ആവശ്യം.

സമ്മേളനം നടക്കുന്നതിനാല്‍ പ്രതിപ്പട്ടികയിലുള്ള എംഎല്‍എമാരുടേയും സാക്ഷികളായ എംഎല്‍എമാരുടേയും ഉദ്യോഗസ്ഥരുടേയും മൊഴി എടുക്കാനും അനുമതി വേണം. സഭാടിവിയുടേയും സഭാ മന്ദിരത്തിലെ സിസിടിവിയിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയില്‍ നിയമസഭാ സെക്രട്ടറിയേറ്റ് ഉടന്‍ തീരുമാനമെടുക്കില്ല.

എംഎല്‍എമാര്‍ നല്‍കിയ പരാതികളടക്കം സ്പീക്കറുടെ പരിഗണനയിലാണ്. ഒരുവശത്ത് പരാതികളും മറുവശത്ത് സഭാ സമ്മേളനം തുടര്‍ച്ചയായി സ്തംഭിക്കുന്നതുമായ പ്രശ്നമാണുള്ളത്. അതില്‍ സഭാസ്തംഭനം തീര്‍ക്കാനാണിപ്പോള്‍ പ്രഥമ പരിഗണന. നാളെ സമ്മേളനം തുടങ്ങും മുൻപ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ അനുനയചര്‍ച്ച നടക്കാനാണ് സാധ്യത.

അടിയന്തിര പ്രമേയനോട്ടീസ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ പറ്റില്ലെന്ന നിലപാടില്‍ ഉറച്ചാണ് പ്രതിപക്ഷം. എല്ലാ വിഷയത്തിലും അടിയന്തിരപ്രമേയ നോട്ടീസ് പറ്റില്ലെന്നാണ് ഭരണപക്ഷ തീരുമാനം. വിട്ടുവീഴ്ച ഉണ്ടായില്ലെങ്കില്‍ സഭ ഈയാഴ്ചയും സുഗമമായി നടക്കില്ല.