പട്ടികജാതി ഫണ്ട്: 95 ശതമാനത്തോളം തുക വിനിയോഗിച്ചില്ലെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നത്- എസ്ഡിപിഐ ഡയറക്ടറെ മാറ്റി നിര്‍ത്തി സമഗ്രാന്വേഷണം വേണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 2019-20 കാലയളവില്‍ എസ്.സി വിഭാഗത്തിന് 17 പദ്ധതികളിലായി അനുവദിച്ച തുകയില്‍ 95 ശതമാനത്തോളം തുക വിനോഗിച്ചില്ലെന്ന എ.ജിയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
ഈ ഇനത്തില്‍ ആകെ ചെലവഴിച്ചത് കേവലം 5.4 ശതമാനം മാത്രം. എസ്.സി.പി- കോര്‍പസ് ഫണ്ട് ഇനത്തില്‍ അനുവദിച്ച 100 കോടി രൂപയില്‍ 11.69 കോടി മാത്രം ചെലവഴിക്കുകയും ബാക്കി 88.31 കോടി രൂപ നഷ്ടപ്പെടുത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് നീക്കിവെച്ച 75 കോടിയില്‍ 15.3 കോടി മാത്രമാണ് ചെലവഴിച്ചത്.
വിദേശത്ത് തൊഴില്‍ തേടുന്ന പട്ടികജാതി യുവാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി പട്ടികജാതി വകുപ്പ് അട്ടിമറിച്ചെന്ന എ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് ഡയറക്ടറെ മാറ്റി നിര്‍ത്തി സമഗ്രാന്വേഷണം നടത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
ഡയറക്ടറേറ്റും സ്വകാര്യ സ്ഥാപനവും ഒത്തുകളിച്ച് പട്ടിക ജാതി ഫണ്ട് അട്ടിമറിച്ചെന്ന കണ്ടെത്തല്‍ വേലി തന്നെ വിളവ് തിന്നതിനു തുല്യമാണ്. കുറഞ്ഞ ചെലവില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ടായിരിക്കേ മാനദണ്ഡങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ച് അമിത ഫീസ് നല്‍കി സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കണം.
100 പേരെ അര്‍ഹരായി കണ്ടെത്തി പരിശീലനം നല്‍കിയതില്‍ 30 പേര്‍ മാത്രമാണ് വിദേശത്ത് തൊഴില്‍ ചെയ്യുന്നത്. ബാക്കി 70 പേര്‍ക്ക് തൊഴില്‍ ലഭിക്കാതിരുന്നതെന്തുകൊണ്ടാണ്. എല്ലാറ്റിലുമുപരിയായി പരിശീലനത്തിനും യാത്രാ ചെലവുകള്‍ക്കുമായി ഉദ്യോഗാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട തുകയായ ഒരു ലക്ഷം രൂപ വീതം വീണ്ടും സ്വകാര്യ സ്ഥാപനത്തിന് നല്‍കിയത് ഗുരുതരമായ ക്രമക്കേടാണ്.
ഇതുവഴി 30 ലക്ഷം രൂപയാണ് അനധികൃതമായി സ്വകാര്യ സ്ഥാപനത്തിന് ലഭിച്ചത്. ഈ തുക ഉത്തരവാദപ്പെട്ടവരില്‍ നിന്നു തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഒരു പദ്ധതിയില്‍ മാത്രം ഇത്രയധികം തട്ടിപ്പു നടന്നതായി വ്യക്തമായ സ്ഥിതിക്ക് പട്ടിക ജാതി വിഭാഗത്തിന് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന മുഴുവന്‍ പദ്ധതികള്‍ സംബന്ധിച്ചും കൃത്യമായ ഓഡിറ്റും വിലയിരുത്തലും നടത്താന്‍ സര്‍ക്കാര്‍ തയ്യറാവണം.
പട്ടിക ജാതി വിഭാഗത്തിനുള്ള ഫണ്ട് ചെലവഴിക്കാതെയും വകമാറ്റി ചെലവഴിച്ചും ഫണ്ട് വെട്ടിപ്പ് നടത്തിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ പുരോഗതി തടയുന്ന നടപടികള്‍ക്ക് കുടപിടിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ സെക്രട്ടറിയേറ്റില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, പി ആര്‍ സിയാദ്, സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, ഇ എസ് കാജാ ഹുസൈന്‍, പി പി മൊയ്തീന്‍ കുഞ്ഞ് സംസാരിച്ചു.