പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിടാമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില ; കീഴ്ശാന്തിയുടെ കാർ നിലയ്ക്കലിൽ തടഞ്ഞിട്ടത് രണ്ട് മണിക്കൂർ ; വിധി നടപ്പാക്കാതെ പൊലീസ്

പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിടാമെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില ; കീഴ്ശാന്തിയുടെ കാർ നിലയ്ക്കലിൽ തടഞ്ഞിട്ടത് രണ്ട് മണിക്കൂർ ; വിധി നടപ്പാക്കാതെ പൊലീസ്

Spread the love

 

സ്വന്തം ലേഖിക

ശബരിമല: നിലക്കലിൽ നിന്ന് പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിടണമെന്ന ഹൈകോടതി ഉത്തരവിന് പുല്ലു വില നൽകി ശബരിമല കീഴ്ശാന്തിയുടേതടക്കമുള്ള ചെറു വാഹനങ്ങൾ തടഞ്ഞ് പോലീസ്.

കീഴ്ശാന്തിയുടെ കാർ നിയമം ലംഘിച്ച് പൊലീസ് നിലക്കലിൽ തടത്തിട്ടത് രണ്ടര മണിക്കൂറിലേറെ നേരം. ബുധനാഴ്ച പുലർച്ചെയോടെയാണ് സന്നിധാനത്തേക്ക് പോകാൻ കീഴ്ശാന്തിയുടെ പരികർമികളുമായി എത്തിയ കാർ പോലീസ് തടഞ്ഞത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തീർത്ഥാടകരുടെ ചെറു വാഹനങ്ങളും ഇതുവരെ നിലക്കൽ കടക്കാൻ പോലീസ് അനുവദിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച മുതൽ ചെറുവാഹനങ്ങൾ കടത്തിവിടാൻ കോടതി ഉത്തരവിട്ടുണ്ടെന്ന് പറഞ്ഞ പരികർമിമാരോട് കോടതി ഉത്തരവുമായി വരാനായിരുന്നു പൊലീസിന്റെ മറുപടി. ഇതോടെ സംഭവം പരികർമിമാർ ഫോണിലൂടെ സന്നിധാനത്തുള്ള കീഴ്ശാന്തിയെ അറിയിച്ചു.

സംഭവം വിവാദമായതോടെ സന്നിധാനം ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ വാഹനം കടത്തിവിടുകയായിരുന്നു.

അയ്യപ്പ ഭക്തരുമായെത്തുന്ന 12 സീറ്റു വരെയുള്ള വാഹനങ്ങൾ നിലക്കലിൽ നിന്ന് പമ്പയിലേക്ക് ബുധനാഴ്ച മുതൽ കടത്തിവിടണമെന്ന ഉത്തരവ് ചൊവ്വാഴ്ച ഹൈകോടതി പുറപ്പെടുവിച്ചിരുന്നു.

അതിന് പിന്നാലെയാണ് പോലീസിെൻറ നിയമ ലംഘനം. പമ്പയിലെത്തി തീർത്ഥാടകരെ ഇറക്കി തിരികെ നിലക്കലെത്തി പാർക്ക് ചെയ്യുവാനും തീർത്ഥാടകർ ദർശനം നടത്തി മലയിറങ്ങി പമ്പയിലെത്തുമ്പോൾ നിലക്കലിൽ നിന്നെത്തി തീർത്ഥാടകരുമായി മടങ്ങുന്നതിനുമുള്ള അനുമതിയാണ് ഹൈകോടതി നൽകിയത്.

എന്നാൽ ഉത്തരവ് വന്നതിന് ശേഷവും ചെറുവാഹനങ്ങൾ ഒന്നും തന്നെ പമ്പയിലേക്ക് കടത്തിവിടുന്നില്ലെന്ന പരാതിയാണ് തീർത്ഥാടകർക്കുള്ളത്.

ചെറുവാഹനങ്ങളെ പമ്പയിലേക്ക് കടത്തി വിടുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റർ പി. പ്രസന്നകുമാർ നൽകിയ ഹരജിയിന്മേലാണ് കോടതി ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.