നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ഓറിയോണ്‍ ഏജന്‍സി ഉടമ പിടിയില്‍; നിർമ്മിച്ചത് ബി.കോം ഡിഗ്രി ഉള്‍പ്പെടെ അഞ്ച് വ്യാജരേഖകള്‍
സ്വന്തം ലേഖിക
ആലപ്പുഴ: എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കൊച്ചിയിലെ ഓറിയോണ്‍ ഏജൻസി ഉടമ പിടിയില്‍.
പാലാരിവട്ടത്തെ ‘ഓറിയോണ്‍ എഡ്യു വിങ്ങ് ‘ സ്ഥാപനത്തിന്റെ ഉടമ സജു എസ് ശശിധരനെ രാത്രിയാണ് അന്വേഷണസംഘം പിടികൂടിയത്. പാലാരിവട്ടത്തെ വീടിന് സമീപത്ത് നിന്ന് പ്രതിയെ പൊക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബി.കോം ഡിഗ്രി ഉള്‍പ്പെടെ അഞ്ച് രേഖകള്‍ ഇയാള്‍ വ്യാജമായി ഉണ്ടാക്കിയെന്ന് പൊലീസ് അറിയിച്ചു. മാര്‍ക്ക് ലിസ്റ്റ്, ടി സി, മൈഗ്രേഷൻ, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഇയാള്‍ വ്യാജമായി നിര്‍മ്മിച്ചത്.
പാലാരിവട്ടത്തെ ഇയാളുടെ സ്ഥാപനം 2022 ല്‍ പൂട്ടിയിരുന്നു. മാള്‍ട്ടയില്‍ ജോലിക്കായി വീസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പോലീസിന്റെ പിടിയിലായതോടെയാണ് സ്ഥാപനത്തിൻ്റെ പ്രവര്‍ത്തനം നിലച്ചത്.
തട്ടിപ്പിനിരയായ അങ്കമാലി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി. എട്ട് പേരില്‍ നിന്ന് വിസക്കായി പണം വാങ്ങിയതിന് എറണാകുളം നോര്‍ത്ത് പൊലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.