ആശുപത്രിയിൽ എത്തുന്നതിനു മുൻപേ ആംബുലൻസിൽ പ്രസവിച്ചു; ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് സ്ട്രച്ചറിൽ കിടത്തിയത് 21 മണിക്കൂർ; ജീവനറ്റ കുഞ്ഞിന്റെ മുഖം അതിഥിത്തൊഴിലാളിയായ അമ്മ കണ്ടത് ഒരു രാത്രിയും പകലും; തേങ്ങി കരഞ്ഞ് അഫ്‌സാന: മനുഷ്യത്വം മരവിച്ച സംഭവം നടന്നത് കോട്ടയം മെഡിക്കൽ കോളേജിൽ

ആശുപത്രിയിൽ എത്തുന്നതിനു മുൻപേ ആംബുലൻസിൽ പ്രസവിച്ചു; ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് സ്ട്രച്ചറിൽ കിടത്തിയത് 21 മണിക്കൂർ; ജീവനറ്റ കുഞ്ഞിന്റെ മുഖം അതിഥിത്തൊഴിലാളിയായ അമ്മ കണ്ടത് ഒരു രാത്രിയും പകലും; തേങ്ങി കരഞ്ഞ് അഫ്‌സാന: മനുഷ്യത്വം മരവിച്ച സംഭവം നടന്നത് കോട്ടയം മെഡിക്കൽ കോളേജിൽ

സ്വന്തം ലേഖകൻ

കോട്ടയം: പ്രസവത്തിനിടെ മരിച്ച ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം 21 മണിക്കൂർ അമ്മയുടെ കൺമുന്നിൽ കിടത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് സംഭവം. കുഞ്ഞിന്റെ മുഖം കാണുംതോറും സങ്കടം അടക്കാനാവാത്തതിനാൽ തന്റെ മുന്നിൽനിന്നു കുഞ്ഞിന്റെ മൃതദേഹം മാറ്റാമോ എന്ന് അതിഥിത്തൊഴിലാളിയായ ആ അമ്മ പലവട്ടം ആവശ്യപ്പെട്ടെങ്കിലും ആരും കേൾക്കാൻ തയാറായില്ല.

അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയായ അസം സ്വദേശിനിയായ അഫ്‌സാനയെ പ്രസവ വേദനയെ തുടർന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്.എന്നാൽ അടിമാലിയെ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപേ ആംബുലൻസിൽ പ്രസവിച്ചു. വൈകിട്ട് 5ന് മെഡിക്കൽ കോളജിൽ എത്തുമ്പോൾ കുഞ്ഞ് മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയിൽ അഫ്‌സാന കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തി. അഫ്‌സാനയെ കോവിഡ് പ്രസവ വാർഡിലേക്കു മാറ്റിയെങ്കിലും കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞു വാർഡിനു പുറത്തു സ്ട്രച്ചറിൽ കിടത്തി. അഫ്‌സാനയ്ക്ക് കാണുന്ന വിധം മുഖം മറയ്ക്കാതെയാണ് കുഞ്ഞിനെ കിടത്തിയത്. ബുധനാഴ്ച വൈകിട്ട് 2.30ന് ആണ് കുഞ്ഞിന്റെ മൃതദേഹം മാറ്റിയതെന്ന് അഫ്‌സാന പറഞ്ഞു.

‘എനിക്കു കാണാവുന്ന അകലത്തിലാണ് കുഞ്ഞിനെ കിടത്തിയത്. മുഖം മറച്ചിരുന്നില്ല. നഴ്‌സിനോട് കുഞ്ഞിനെ മാറ്റാമോ എന്നു പലവട്ടം ചോദിച്ചു. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, അവർ ഉടൻ വന്ന് മാറ്റുമെന്നു പറഞ്ഞു. ആ രാത്രിയും പകലും കുഞ്ഞിന്റെ മുഖം കണ്ട് കരഞ്ഞു. കുഞ്ഞിന്റെ മൃതദേഹം എന്തു ചെയ്തുവെന്നും പറഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പിന് പരാതി നൽകും. വിവരം പുറത്തു പറഞ്ഞതിന് ജീവനക്കാർ എന്നെ ഭീഷണിപ്പെടുത്തി’. അഫ്‌സാന പറഞ്ഞു. നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്.

കുഞ്ഞിനെ പ്രസവ മുറിയുടെ പുറത്ത് ഏറെ അകലെ മാറ്റിയാണ് കിടത്തിയിരുന്നതെന്നു ഗൈനക്കോളജി വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ പറഞ്ഞതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ പറഞ്ഞു.

‘ഗർഭസ്ഥ ശിശുക്കൾ മരിച്ചാൽ മൃതദേഹം മോർച്ചറിയിലേക്കു മാറ്റും. പിന്നീട് ഒരുമിച്ചാണ് സംസ്‌കരിക്കുക. ഇതുവരെ ആരും പരാതി നൽകിയിട്ടില്ല’ ഡോ. ടി.കെ.ജയകുമാർ പറഞ്ഞു. അസം സ്വദേശിയായ അംജദ് ഹുസൈനാണ് അഫ്‌സാനയുടെ ഭർത്താവ്. 6 വയസ്സുള്ള കുട്ടിയുണ്ട്.