ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ വിജയം ; 190 റൺസിന്റെ ഗംഭീര ജയം
സ്വന്തം ലേഖകൻ
പുനെ: ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 35.3 ഓവറിൽ 167 റൺസിന് പുറത്തായി. 190 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്.
ബാറ്റിങ്ങിന്റെ തുടക്കം മുതല്‍ തന്നെ ന്യൂസിലന്‍ഡ് വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഡെവോണ്‍ കോണ്‍വെ രണ്ടു റണ്‍സിന് പുറത്തായി വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടു. തുടര്‍ന്ന് നിരനിരയായി ബാറ്റര്‍മാര്‍ കൂടാരം കയറുന്നതാണ് കണ്ടത്. മറ്റൊരു ഓപ്പണറായ വില്‍ യങ്, ക്യാപ്റ്റന്‍ ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വില്‍ യങ് 33 റണ്‍സും ഡാരില്‍ മിച്ചല്‍ 24 റണ്‍സും നേടി. അര്‍ധ സെഞ്ച്വറി കണ്ടെത്തിയ ഗ്ലെന്‍ ഫിലിപ്‌സ് അവസാനം വരെ പിടിച്ചുനിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെന്‍സെന്‍, കേശവ് മഹാരാജാവ് എന്നിവരാണ് വിക്കറ്റുകള്‍ കൊയ്തത്. ജെന്‍സെന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ലോകകപ്പില്‍ ഉടനീളം മികച്ച ഫോമില്‍ തുടരുന്ന കേശവ് മഹാരാജ് നിര്‍ണായക നാലുവിക്കറ്റുകളാണ് നേടിയത്.
നേരത്തെ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 357 റണ്‍സ് നേടിയത്. ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക്, വണ്‍ ഡൗണ്‍ ബാറ്റര്‍ റസി വാന്‍ ഡെര്‍ ഡൂസന്‍ എന്നിവരുടെ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്വിന്റന്‍ ഡി കോക്ക് 116 പന്തില്‍ 114 റണ്‍സ് നേടിയപ്പോള്‍ റസി വാന്‍ ഡെര്‍ ഡൂസന്‍ കൂടുതല്‍ അപകടകാരിയായി. 118 പന്തില്‍ 133 റണ്‍സാണ് തന്റെ പേരില്‍ ഡൂസന്‍ ചേര്‍ത്തത്.
അഞ്ചു സിക്സുകളുടെ അകമ്പടിയോടെയായിരുന്നു ഇന്നിംഗ്സ്.ഡേവിഡ് മില്ലര്‍ അവസാന ഓവറുകളില്‍ തകര്‍ത്താടി. അര്‍ധ സെഞ്ച്വറി നേടിയ മില്ലറിന്റെ പ്രകടനമാണ് കൂറ്റന്‍ സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.