‘കീമോയെക്കാള്‍ ഫലം തരുന്ന ബ്ലൈന’; അര്‍ബുദരോഗ ചികിത്സയില്‍ പുതിയ വിപ്ലവമോ?
സ്വന്തം ലേഖിക
കാന്‍സറിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് കണ്ടുപിടിച്ച പുതിയ മരുന്ന് കുട്ടികളില്‍ ഫലം കാണുന്നുവെന്ന് റിപ്പോര്‍ട്ട്.
കീമോതെറാപ്പിയേക്കാള്‍ പാര്‍ശ്വഫലം കുറഞ്ഞ ബ്ലൈനടുമൊമാബ് (Blinatumomab) മരുന്നുകള്‍ ചില കുട്ടികളില്‍ പ്രയോഗിച്ചതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ മരുന്ന് പ്രയോഗിച്ച 11 വയസുകാരനായ ആര്‍തറിന് അര്‍ബുദം പൂര്‍ണമായും മാറിയതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. രക്താര്‍ബുദ രോഗിയായ ആര്‍തറിന് മരുന്ന് പ്രയോഗിച്ചശേഷം വലിയ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. മരുന്നുപയോഗത്താലുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാന്‍ മരുന്ന് പ്രയോഗിക്കുന്നതിന് മുമ്ബുതന്നെ മറ്റൊരു മരുന്നും ആര്‍തറിന് നല്‍കിയിരുന്നു.
മുതിര്‍ന്നവര്‍ക്കുള്ള അര്‍ബുദ മരുന്നായി ബ്ലൈന നിലവില്‍ ഉപയോഗിക്കുന്നുണ്ട്. കുട്ടികളിലും ഇത് പ്രയോഗിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലണ്ടനില്‍ മാത്രം 450 കുട്ടികളിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ ബി-സെല്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (B-ALL) കണ്ടെത്തിയിട്ടുള്ളത്. ലണ്ടനിലെ 20ഓളം കേന്ദ്രങ്ങളില്‍ B-ALL ബാധിച്ച കുട്ടികളില്‍ ബ്ലൈന ഉപയോഗിക്കുന്നുണ്ട്. അര്‍ബുദ കോശങ്ങളെ കണ്ടുപിടിക്കാന്‍ സാധിക്കുന്ന ഇമ്യൂണോ തെറാപ്പിയാണ് ഈ മരുന്ന്. കീമോയില്‍നിന്ന് വ്യത്യസ്തമായി ആരോഗ്യമുള്ള കോശങ്ങളെ ബ്ലൈന ബാധിക്കില്ല.
രോഗിയുടെ കയ്യിലെ ഞരമ്ബുകളില്‍ ഒരു നേര്‍ത്ത പ്ലാസ്റ്റിക് ട്യൂബിലൂടെ മാസങ്ങളോളം നല്‍കാവുന്ന ദ്രാവക രൂപത്തില്‍ ബാഗില്‍ അടങ്ങിയിട്ടുള്ള മരുന്നാണ് ബ്ലൈന. മരുന്ന് ഞരമ്ബുകളിലൂടെ കയറുന്നതിനെ നിയന്ത്രിക്കുന്നതിന് ഒരു ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പമ്ബും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം അടങ്ങിയിട്ടുള്ള മരുന്ന് കിറ്റ് എഫോര്‍ ടെക്‌സ്റ്റ് ബുക്കിനേക്കാള്‍ ചെറുതാണ്. അതുകൊണ്ട് തന്നെ ഇവ എപ്പോഴും കൂടെ കൊണ്ടുനടക്കുന്നതിന് രോഗികള്‍ക്ക് ഒരു പ്രയാസവും അനുഭവപ്പെടുന്നില്ല. ചികിത്സ നടക്കുന്നതിനിടയിലും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നതും ബ്ലൈനയുടെ പ്രധാന ഗുണമാണ്.
കീമോയുടെ 80 ശതമാനം ബുദ്ധിമുട്ടുകളും ഇല്ലാതാക്കാന്‍ ബ്ലൈനയ്ക്ക് സാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കീമോതെറാപ്പി അര്‍ബുദ കോശങ്ങളെയും അതോടൊപ്പം സാധാരണ കോശങ്ങളെയും ഇല്ലാതാക്കുന്നു. ഇതു തന്നെയാണ് കീമോയുടെ പാര്‍ശ്വ ഫലവും.
ബ്ലൈനടുമൊമാബില്‍ ഈ പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതേസമയം മറ്റൊരു ഇമ്മ്യുണോ തെറാപ്പി മരുന്നായ ടി-സെല്‍ തെറാപ്പി (CAR-T)യും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇത് ബ്ലൈനയേക്കാള്‍ ചെലവേറിയതും ചികിത്സാ സമയം കൂടുതല്‍ ആവശ്യമുള്ളതുമാണ്.