ഒക്ടോബർ മുതൽ കുഞ്ഞുങ്ങൾക്ക് പുതിയൊരു വാക്സിൻ കൂടി എത്തുന്നു; ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനെപ്പറ്റി വിശദമായി അറിയാം

ഒക്ടോബർ മുതൽ കുഞ്ഞുങ്ങൾക്ക് പുതിയൊരു വാക്സിൻ കൂടി എത്തുന്നു; ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനെപ്പറ്റി വിശദമായി അറിയാം

Spread the love

സ്വന്തം ലേഖകൻ 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കും. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും.

 

1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്‌സിനാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ഈ വാക്‌സിനേഷനായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധ പരിശീലന പരിപാടി സംഘടിപ്പിച്ച് വരികയാണ്. പരിശീലനം പൂര്‍ത്തിയായാലുടന്‍ തന്നെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച് പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഈ രോഗബാധ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കും.

 

ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്.

 

കുട്ടികളില്‍ ഗുരുതരമായി ന്യൂമോണിയ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായ ന്യുമോകോക്കല്‍ ന്യുമോണിയയില്‍ നിന്നും പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ വാക്‌സിനെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്.

 

പിസിവി ഒരു സുരക്ഷിത വാക്‌സിനാണ്. ഏതൊരു വാക്‌സിന്‍ എടുത്തതിനുശേഷവും ഉണ്ടാകുന്നതുപോലെ കുഞ്ഞിന് ചെറിയ പനി, കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് ചുവപ്പ് നിറം എന്നിവ ഉണ്ടായേക്കാം. പിസിവി നല്‍കുന്നതിനൊപ്പം കുഞ്ഞിന് ആ പ്രായത്തില്‍ നല്‍കേണ്ട മറ്റു വാക്‌സിനുകളും നല്‍കുന്നതാണ്. ഒരേസമയം വിവിധ വാക്‌സിനുകള്‍ നല്‍കുന്നത് കുഞ്ഞിന് തികച്ചും സുരക്ഷിതവും ഫലപ്രദവുമാണ്.