പനമരം ഇരട്ട കൊലപാതകം; പ്രതി അർജുനെ കുടുക്കിയത് മൊഴിയിലെ വൈരുധ്യം; വീട്ടിൽ കയറിയത് മോഷണത്തിന്; പൂജാമുറിയിൽ ഒളിച്ചത് കണ്ടുപിടിച്ചതോടെ പ്രതി കുത്തിപ്പരിക്കേൽപിച്ച് ഓടി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
കൽപ്പറ്റ: പനമരം കൊലപാതകത്തിൽ അയൽവാസിയായ പ്രതി അർജുനെ കുടുക്കിയത് മൊഴിയിലെ വൈരുധ്യം. അർജുനെ നേരത്തെ ചോദ്യം ചെയ്തെങ്കിലും മൊഴികളിൽ വൈരുധ്യമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഡിവൈഎസ്പി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തത്.
ഇതിനിടെയാണ് അർജുൻ പുറത്തേക്ക് ഇറങ്ങിയോടി എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കേസന്വേഷണത്തിൻറെ ഭാഗമായി മുൻകാല കുറ്റവാളികളടക്കം മൂവായിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അഞ്ചുലക്ഷത്തോളം മൊബൈൽ ഫോൺ കോളുകളും പ്രദേശത്തെയും സമീപപ്രദേശങ്ങളിലേയും 150 ഓളം സിസിടിവി കാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവ ദിവസം സന്ധ്യക്കു മോഷണം ലക്ഷ്യമിട്ട് വീട്ടിൽ കയറിക്കൂടി പൂജാമുറിയിൽ പതുങ്ങിയ അർജുനനെ കേശവൻ കാണാനിടയായി. ഇതേത്തുടർന്നു അർജുൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ദമ്പതികളെ കുത്തിപ്പരിക്കേൽപിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു പോലീസ് പറയുന്നു.
വിഷം കഴിച്ചതിനു ശേഷം മേപ്പാടി അരപ്പറ്റ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ അർജുനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. വയറിനും തലയ്ക്കും വെട്ടുംകുത്തുമേറ്റ കേശവൻ രാത്രിതന്നെ മരിച്ചു. നെഞ്ചിനും കഴുത്തിനും ഇടയിൽ കുത്തേറ്റ പദ്മാവതി പിറ്റേന്നു മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
താഴെ നെല്ലിയമ്പത്തു കാപ്പിത്തോട്ടത്തിലാണ് ദമ്പതികളുടെ ഇരുനില വീട്. രാത്രി നിലവിളികേട്ട് നാട്ടുകാർ വീട്ടിലെത്തിയപ്പോൾ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്തുനോക്കിയപ്പോഴാണ് ഹാളിൽ കോണിപ്പടിക്കടുത്ത് സോഫയിൽ രക്തംവാർന്നു കമിഴ്ന്നുകിടക്കുന്ന നിലയിൽ കേശവനെ കണ്ടത്.
തുണി മുറിവിൽ അമർത്തി നിലവിളിക്കുകയായിരുന്നു പദ്മാവതി. സംഭവസമയം വീട്ടിൽ ദമ്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്. വീടിൻറെ മുകൾനിലയിൽനിന്നു ഇറങ്ങിവന്ന മുഖംമൂടി ധരിച്ച രണ്ടുപേരാണ് അക്രമം നടത്തിയതെന്നാണ് മരണപ്പെടുന്നതിനു മുമ്പ് പദ്മാവതി പറഞ്ഞത്. വീട്ടിൽ മോഷണം നടന്നിരുന്നില്ല. കൊലയ്ക്കു ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തു.
മാനന്തവാടി ഡിവൈഎസ്പി എ.പി.ചന്ദ്രൻറെ നേതൃത്വത്തിൽ മൂന്നു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്. മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം.അബ്ദുൽ കരീം, കേണിച്ചിറ പോലീസ് ഇൻസ്പെക്ടർ സതീഷ്കുമാർ, കൽപറ്റ സൈബർ പോലീസ് ഇൻസ്പെക്ടർ പി.എസ്.ജിജേഷ് എന്നിവരടക്കം 41 പേരടങ്ങുന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘം. മാനന്തവാടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.