നെടുങ്കണ്ടം കസ്റ്റഡി മരണം: മൂന്നു പൊലീസുകാർ കൂടി അറസ്റ്റിൽ; പൊലീസുകാർ കൂട്ടത്തോടെ കുടുങ്ങുമ്പോൾ എസ്.പി ഇപ്പോഴും സുഖമായി കഴിയുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം: മൂന്നു പൊലീസുകാർ കൂടി അറസ്റ്റിൽ; പൊലീസുകാർ കൂട്ടത്തോടെ കുടുങ്ങുമ്പോൾ എസ്.പി ഇപ്പോഴും സുഖമായി കഴിയുന്നു

സ്വന്തം ലേഖകൻ
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ ഒരു ഹോം ഗാർഡ് അടക്കം മൂന്നു പൊലീസുകാർ കൂടി പിടിയിലായി. കേസിൽ ഇതോടെ ഏഴു പൊലീസുകാർ പ്രതി ചേർക്കപ്പെട്ട് അറസ്റ്റിലാകുകയും പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ മുഴുവൻ സ്ഥലം മാറ്റുകയും ചെയ്തിട്ടും കേസിലെ ഏറ്റവും നിർണ്ണായക ശക്തിയായ ഇടുക്കി മുൻ എസ്.പിയെ ഇതുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല.
രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് എ.എസ്.ഐ റോയ് പി. വർഗീസ്, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജെയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി.  ഇവരും കൊല്ലപ്പെട്ട രാജ്കുമാറിനെ മർദിച്ചിരുന്നു. ഇതോടെ കസ്റ്റഡി കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ജൂൺ 21നാണ് തൂക്കുപാലത്തെ ഹരിത ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
രാജ്കുമാറിൻറെ മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് വ്യക്തമാണെന്നും കൊലയിലേക്ക് നയിച്ച മർദ്ദനത്തിന് നേതൃത്വം നൽകിയത് നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്ഐ കെ എ സാബുവും സിവിൽ പൊലീസ് ഓഫീസർ സജീവ് ആൻറണിയുമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരേയും പോലീസ് അറസ്റ്റും ചെയ്തിരുന്നു.
നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കുറ്റാരോപിതരായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു.
രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ച നാല് പൊലീസുകാരെ അറസ്റ്റ് ചെയ്‌തെങ്കിലും ഉന്നതരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നായിരുന്നു ഉയർന്ന ആരോപണം. ആരോപണ വിധേയനായ ഇടുക്കി മുൻ എസ്പിയെ ചോദ്യം ചെയ്യാൻ പോലും അന്വേഷണസംഘം ഇതുവരെ തയ്യാറായിട്ടില്ല.
കേസിൽ നേരത്തെ ഡ്രൈവർ നിയാസ്, എ.എസ്.ഐ റെജിമോൻ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. നിയാസ്, എ.എസ്.ഐ റെജിമോൻ എന്നിവർ നേരത്തെ ഒളിവിൽ പോയിരുന്നു. തുടർന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആരോപണ വിധേയനായ ഇടുക്കി എസ്.പി കെ.ബി.വേണുഗോപാലിനെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ഇതുവരെയായിട്ടും ഇദ്ദേഹത്തെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകാത്തത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
എസ്.പി വേണുഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സസ്‌പെൻഡ് ചെയ്യണമെന്നാണ് സി.പി.ഐയുടേയും കോൺഗ്രസിന്റെയും ആവശ്യം. കൊലപാതകത്തിൽ നെടുങ്കണ്ടം എസ്.ഐ കെ.എ.സാബു, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സജീവ് ആന്റണി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഒൻപത് പൊലീസുകാർ മർദ്ദിച്ചെന്ന് കേസിലെ മറ്റുപ്രതികളായ ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴി പുറത്ത് വന്നിരുന്നു.