നീതി നിഷേധത്തിനെതിരെ, പട്ടികജാതി എംഎൽഎമാരുടെ വീട്ടുപടിക്കലേക്ക് നവംബർ 25ന് മാർച്ചും ധർണയും

നീതി നിഷേധത്തിനെതിരെ, പട്ടികജാതി എംഎൽഎമാരുടെ വീട്ടുപടിക്കലേക്ക് നവംബർ 25ന് മാർച്ചും ധർണയും

സ്വന്തം ലേഖകൻ

കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ സമൂഹങ്ങൾക്ക് എതിരെ നടക്കുന്ന നീതി നിഷേധങ്ങൾക്കും, അതിക്രമങ്ങൾക്കും എതിരെ പരിഹാരം കാണേണ്ട എംഎൽഎമാരുടെ നിഷ്‌ക്രിയത്വത്തിനും, അവഗണനയ്ക്കുമെതിരെ പട്ടികജാതി എംഎൽഎമാരുടെ വീട്ടുപടിക്കലേക്ക് സാമൂഹ്യനീതി കർമസമിതിയുടെയും, മഹിളാഐക്യവേദിയുടെയും നേതൃത്വത്തിൽ നവംബർ 25ന് മാർച്ചും ധർണയും നടത്തുമെന്ന് ഹിന്ദു സംഘടനാ നേതാക്കൾ കോട്ടയത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.

വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുക, പട്ടികജാതി അതിക്രമ നിരോധന നിയമം കർശനമായി നടപ്പിലാക്കുക, എസ് സി എസ് ടി നിയമന അട്ടിമറി അവസാനിപ്പിക്കുക,എസ് സി എസ് റ്റി ഫണ്ട് കൃത്യമായി വിനിയോഗിക്കുക,എസ് സി എസ് റ്റി കോളനികളുടെ ദുരിതാവസ്ഥ ക്ക് പരിഹാരം കാണുക, മുഴുവൻ ഭൂരഹിതർക്കും ഭൂമിയും വീടും നൽകുക, തുടങ്ങിയ ആവശ്യങ്ങളിൽ എസ്സി എസ് റ്റി എംഎൽഎമാർ കാട്ടുന്ന അനാസ്ഥയും നിഷ്‌ക്രിയത്വവും തുറന്നു കാട്ടുന്ന കുറ്റപ്പത്രം എംഎൽഎ മാർക്ക് നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് സി എസ് റ്റി സമൂഹത്തിന് ലഭ്യമായ പ ട്ടിക ജാതി പദവിയിലൂടെ ഭരണത്തിൽ പങ്കാളിത്തം ലഭിച്ച എംഎൽഎമാർ സമൂഹത്തിന്റെ ജീവൻ പ്രശ്‌നങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇടപെടണമെന്നാണ് സാമൂഹ്യനീതി കർമ സമിതിയുടെയും,മഹിളാ ഐക്യവേദി യുടെയും ആവശ്യം എന്ന് നേതാക്കൾ പറഞ്ഞു.

പട്ടികജാതി സമൂഹത്തിനെതിരായ അതിക്രമങ്ങളിലും, പീഡനങ്ങളിലും സംസ്ഥാനം അഞ്ചാം സ്ഥാനത്താണ്,വാളയാർ കേസ് അട്ടിമറിച്ചത് പോലെ അട്ടപ്പാടി മധുവിനെ തല്ലിക്കൊന്ന കേസും, ആറന്മുള ആംബുലൻസ് പീഡന കേസും, അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്. കണ്ണൂർ കുട്ടിമാക്കൂൽ ഓട്ടോഡ്രൈവർ ചന്ദ്രലേഖയ്ക്ക് ഉണ്ടായ തൊഴിൽ നിഷേധവും ഭീഷണിയും ഭരണകക്ഷി ഭാഗത്ത് നിന്നാണ് ഉണ്ടായത്,പട്ടികജാതി വികസന പദ്ധതി ഫണ്ടുകൾ ലാപ്സ് ആകുന്നതും, നിയമനങ്ങൾ അട്ടിമറിക്കപ്പെടുന്നതും എല്ലാവർഷവും ആവർത്തിക്കപ്പെടുന്നു.

ഭൂരഹിതരുടെ ഗണത്തിൽ ഏറ്റവും കൂടുതൽ എസ് സി എസ് ടി സമൂഹമാണ്, കോളനികൾ ദുരിതാവസ്ഥ യിൽ ഉള്ളതും, മരിച്ചാൽ കിടപ്പു മുറിയും അടുക്കളയും പൊളിച്ച് സംസ്‌കരിക്കേണ്ട അവസ്ഥ ഉള്ളതും, പട്ടികജാതി സമൂഹത്തിന് ആണെന്ന് നേതാക്കൾ പറഞ്ഞു, 25ന് രാവിലെ 11ന് എസ് സി എസ് ടി എംഎൽഎമാരുടെ വീട്ടുപടിക്കൽ നടക്കുന്ന മാർച്ചും ധർണയും വിവിധ സമുദായ സംഘടനാ നേതാക്കൾ ഉദ്ഘാടനം ചെയ്യും, ധർണയെ അഭിസംബോധന ചെയ്തു ഹിന്ദുഐക്യവേദി യുടെയും മഹിളാ ഐക്യ വേദിയുടെ നേതാക്കൾ സംസാരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു,കെപിഎംഎസ് സംസ്ഥാന സമിതി അംഗം എൻ.കെ.നീലകണ്ഠൻ, എ കെ സി എച്ച് എം എസ് സംസ്ഥാന പ്രസിഡന്റ് പി. എസ്. പ്രസാദ്, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹൻ, ഹിന്ദുഐക്യവേദി ജില്ല ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.